adarsh
ആദർശ്

 കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ

കൊല്ലം: അമ്മൂമ്മയുടെ അനുജത്തിയുടെ ശവസംസ്‌കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗസംഘം വഴിയിൽ തടഞ്ഞുനിറുത്തി കുത്തിക്കൊലപ്പെടുത്തി. നെടുമ്പന പള്ളിമൺ പുലിയില ചരുവിള വീട്ടിൽ അശോകന്റെ മകൻ ആദർശാണ് (24) കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിമൺ സ്വദേശി ചിന്തുവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ണനല്ലൂർ പൊലീസ് പിടികൂടി. ശനായാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആദർശിന്റെ അമ്മ ഉഷയുടെ അമ്മയുടെ അനുജത്തിയുടെ സംസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

മരണവീടിനടുത്ത് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാനെത്തിയ ആദർശിനെ മൂന്നംഗസംഘം കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈയുടെ തോളിലും കുത്തേറ്റ ആദർശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. ജില്ല ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജീഷയാണ് സഹോദരി. ഗ്രാഫിക് ഡിസൈൻ കോഴ്‌സ് കഴിഞ്ഞ് മുഖത്തലയിൽ സ്വകാര്യ സ്ഥാപത്തിൽ ജോലി ചെയ്യുകയായിരുന്നു ആദർശ്.

കൊലയാളി സംഘത്തിലെ ഒരാളുടെ ബന്ധുവായ പെൺകുട്ടിയുമായി ആദർശ് പ്രണയത്തിലായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘത്തിലെ മറ്റ് രണ്ട് പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.