victoria-hospital
വിക്ടോറിയ ആശുപത്രി

കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെതിരെ ഒരു വിഭാഗം ഡോക്ടർമാരും ജീവനക്കാരും നൽകിയ പരാതിയെ തുടർന്ന് ആശുപത്രിയിൽ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം രണ്ട് ദിവസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പരാതികളിൽ സൂചിപ്പിക്കും പോലെ ആശുപത്രിയിൽ ഗൗരവമേറിയ ക്രമക്കേടുകൾ വിജിലൻസ് സംഘം കണ്ടെത്തിയതായാണ് സൂചന.

പരാതിയിൽ പ്രധാനമായും ഉന്നയിച്ച ആരോപണങ്ങൾ ആർ.എം.ഒയെ കാഷ്വാലിറ്രി മെഡിക്കൽ ഓഫീസറായി നിയമിച്ചത് ചട്ട വിരുദ്ധമായാണ്, ശിശുരോഗ വിഭാഗം ഒ.പിക്ക് മുന്നിലെ വഴി അനധികൃതമായി അടച്ചു, ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിലധികവും ഒരു പ്രത്യേക സ്ഥലത്ത് നിന്നുള്ളവരും സൂപ്രണ്ടിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്, ലബോറട്ടറി പരിശോധനകൾക്ക് കാഷ് കൗണ്ടറിൽ പണം അടയ്ക്കുന്നതിന് പകരം താൽക്കാലിക ജീവനക്കാരിയെ നിയമിച്ചു, വനിത- ശിശു ആശുപത്രിയിൽ ഭരണചുമതലയുള്ള ഡോക്ടർ നിയമവിരുദ്ധമായി സൈക്യാട്രി ഒ.പി നടത്തുന്നു തുടങ്ങിയവയാണ്.

ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായി പരിശോധിക്കപ്പെടുന്നില്ലെന്ന പരാതിയും ചില ഡോക്ടർമാർ ഉന്നയിച്ചു. ഭരണചുമതലയുള്ള ഡോക്ടർമാർ മറ്റുള്ളവരോടെല്ലാം പരുഷമായാണ് പെരുമാറുന്നതായും ജീവനക്കാർ പരാതിപ്പെട്ടതായാണ് സൂചന.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രിയിലെത്തിയ ആരോഗ്യവകുപ്പ് (വിജിലൻസ് വിഭാഗം) അഡിഷണൽ ഡയറക്ടർ ആർ. ശ്രീലതയുടെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് 6.15 ഓടെയാണ് മടങ്ങിയത്. ഡോക്ടർമാരടക്കം ആശുപത്രിയിലെ ഒട്ടുമിക്ക ജീവനക്കാരിൽ നിന്നും സംഘം മൊഴിയെടുക്കുകയും പരാതികളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും ചെയ്തു.

 വീണ്ടും മിന്നൽ പരിശോധന

വിക്ടോറിയയിൽ ഡെപ്യൂട്ടി ഡി.എം.ഒമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മിന്നൽ പരിശോധന നടത്തി. ഒ.പി രജിസ്റ്ററുകൾ പരിശോധിച്ച സംഘം ഡോക്ടർമാർ കൃത്യസമയത്ത് എത്തുന്നുണ്ടോയെന്ന് നഴ്സുമാരോട് ആരാഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ മണികണ്ഠൻ, ജയശങ്കർ, ആർ.സി.എച്ച് ഓഫീസർ കൃഷ്ണവേണി തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 ജില്ലാ പഞ്ചായത്ത് ഇടപെടും

വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെതിരെ ഒരുവിഭാഗം ഡോക്ടർമാരും ജീവനക്കാരും ഉന്നയിക്കുന്ന പരാതി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഇടപെടും. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗവുമായി ചർച്ച നടത്താൻ പ്രസിഡന്റ് സി. രാധാമണി ഇടപെടുമെന്നാണ് സൂചന.