photo
കരുനാഗപ്പള്ളി നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : നഗരസഭയുടെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേശവപുരത്ത് നിർമ്മിക്കുന്ന ശ്മശാനത്തിന്റെ നിർമ്മാണം ത്വരിതപ്പെടുത്തി ഉദ്ഘാടനം ചെയ്യുക, നഗരസഭ നിറുത്തി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷെഡ് പ്രവർത്തനം പുനരാരംഭിക്കുക, മുനിസിപ്പൽ ടവർ നിർമ്മാണം ഊർജ്ജിതപ്പെടുത്തുക, തകർന്ന് കിടക്കുന്ന ഗ്രാമീണ റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. കേശവപുരം ശ്മശാന ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ചിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ പാർട്ടി പതാക യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനുവിന് കൈമാറി. പ്രതിഷേധ മാർച്ച് മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം.കെ. വിജയഭാനു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, യു.ഡി.എഫ് നേതാക്കളായ കെ.ജി. രവി, ചിറ്റുമൂല നാസർ, എം. അൻസാർ, മുനമ്പത്ത് വഹാബ്, എസ്. ശക്തികുമാർ, സോളമൻ, മുനമ്പ് അബ്ദുൽ ഗഫൂർ, എസ്. ജയകുമാർ, സി. ഗോപിനാഥപ്പണിക്കൾ, ബി. മോഹൻദാസ്, പി. തമ്പാൻ, ശോഭാ ജഗദപ്പൻ, മെഹർ ഹമ്മീദ്, എൽ. ദീപ്തി, ബേബി ജസ്ന, പ്രീതി രമേശ് , ജി. സാബു, ബി. ഉണ്ണിക്കൃഷ്ണൻ, കളീയ്ക്കൽ മുരളി, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.