ഓച്ചിറ: ഹിന്ദു എന്നത് കേവലം മതത്തിനപ്പുറം സമാനതകളില്ലാത്ത സംസ്കാരം കൂടിയാണെന്ന് ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ സംഘടിപ്പിച്ച മതസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ആത്മസാക്ഷാത്കാരം നേടിയവരുടെ നിലപാടാണെന്നാണ് ഗുരുദേവൻ നിരീക്ഷിച്ചിട്ടുള്ളത്. സനാതനവും, ശാശ്വതവുമായ ധർമ്മത്തിലധിഷ്ഠിതമായ സംസ്കാരമാണ് മതങ്ങൾ ശുപാർശ ചെയ്യുന്നത്. എന്നാൽ, ലോകത്ത് മഹായുദ്ധങ്ങളിൽ മരിച്ചവരെക്കാൾ കൂടുതൽ പേരാണ് മതത്തിന്റെ പേരിൽ മരിച്ചിട്ടുള്ളതെന്നും ഋതംബരാനന്ദ അഭിപ്രായപ്പെട്ടു. മതബോധം ഇല്ലാത്തവരുടെ സമൂഹത്തിലാണ് മതത്തിന്റെ പേരിൽ കലാപങ്ങൾ ഉണ്ടാകുന്നത്. ബുദ്ധനും വർത്തമാന മഹാവീരനുമൊക്ക സാഹോദര്യത്തിന്റെ മതമാണ് പ്രചരിപ്പിച്ചത്. എല്ലാ മതങ്ങളുടെയും ആത്യന്തികമായ ലക്ഷ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു
ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പ്രൊഫസർ ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, എസ്. ധനപാലൻ, വിശ്വപ്രകാശം എസ് വിജയാനന്ദ്, ചെല്ലപ്പള്ളിൽ ബി. ശ്രീകുമാർ, മുല്ലശ്ശേരിൽ രാമചന്ദ്രൻ, പന്മന കെ. പി വിജയലക്ഷ്മി, രമാദേവി അമ്മ എന്നിവർ സംസാരിച്ചു ആർ ശിവപ്രസാദ് സ്വാഗതവും, തഴവ ഗോപാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.