photo
കോഴിച്ചാൽ ഭാഗത്ത് 18 വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മോട്ടോറോടു കൂടിയ പമ്പ്ഹൗസ്.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ നെല്ലറയായ തൊടിയൂർ ആര്യൻപാടത്തെ ജലസേചനത്തിനായി 18 വർഷങ്ങൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച രണ്ട് പമ്പ് ഹൗസുകൾ നാശോന്മുഖമാകുന്നു. പമ്പ് ഹൗസുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് എൻ.ഒ.സി നൽകുന്നതിൽ ഇറിഗേഷൻ വകുപ്പ് അധികൃതർ കാട്ടുന്ന അലംഭാവവും അനാസ്ഥയുമാണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പമ്പ് ഹൗസുകൾ നശിക്കാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. ആര്യൻപാടത്തെ നെൽക്ക‌ൃഷിക്കായി കോഴിച്ചാൽ ഭാഗത്തും സൈക്കിൾ മുക്കിലുമാണ് 20 കുതിര ശക്തിയുള്ള പമ്പ് ഹൗസുകൾ സ്ഥാപിച്ചത്. ഇതിനാവശ്യമുള്ള 15 ലക്ഷം രൂപയും ചെലവഴിച്ചത് ഓണാട്ടുകര വികസന അതോറിറ്റിയാണ് . ആര്യൻപാടത്ത് മാത്രമായി 120 കർഷകരാണുള്ളത്. മഴ സീസണിൽ പാടത്ത് അമിതമായി വെള്ളം കയറിയാൽ പമ്പ് ഹൗസിലെ പമ്പ് ഉയോഗിച്ച് വെള്ളം പള്ളിക്കലാറ്റിലേക്ക് അടിച്ച് കളഞ്ഞ് കൃഷി സംരക്ഷിക്കാൻ കഴിയും. കഴിഞ്ഞ പ്രളയത്തിൽ ഏക്കറു കണക്കിന് പുഞ്ചയിലെ കൃഷിയാണ് നശിച്ചത്. 3 വർഷത്തിന് മുമ്പാണ് ജില്ലാ കളക്ടർക്ക് അവസാനമായി കൃഷിക്കാർ പരാതി നൽകിയത്. പരാതി സ്വീകരിച്ചതല്ലാതെ നടപടി ഒന്നും നാളിതു വരെ ഉണ്ടായില്ല. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ മനസ് വെച്ചാൽ ആര്യൻപാടത്തെ കർഷകർ വർഷങ്ങളായി അനുഭവിക്കുന്ന വെള്ളക്കെടുതിയിൽ നിന്ന് നെൽക്കൃഷിയെ സംരക്ഷിക്കാൻ കഴിയും.

കഴിഞ്ഞ 18 വർഷമായി തൊടിയൂർ ആര്യൻപാടം നെല്ല് ഉല്പാദക സമിതി ഭാരവാഹികൾ ഇറിഗേഷൻ വകുപ്പിന്റെ തിരുവനന്തപുരം മുതലുള്ള ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

തൊടിയൂർ ആര്യൻപാടം നെല്ല് ഉല്പാദക സമിതി സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ

ആര്യൻപാടത്തെ നെൽക്ക‌ൃഷിക്കായി കോഴിച്ചാൽ ഭാഗത്തും സൈക്കിൾ മുക്കിലുമാണ് 20 കുതിര ശക്തിയുള്ള പമ്പ് ഹൗസുകൾ സ്ഥാപിച്ചത്. ഇതിനാവശ്യമുള്ള 15 ലക്ഷം രൂപയും ചെലവഴിച്ചത് ഓണാട്ടുകര വികസന അതോറിറ്റിയാണ്

എൻ.ഒ.സിക്കു വേണ്ടിയുള്ള ഒാട്ടം

പമ്പ് ഹൗസ് പ്രവർത്തിപ്പിക്കുന്നതിനായി കരുനാഗപ്പള്ളി വൈദ്യുതി ഭവൻ മുൻകൈയെടുത്ത് 11 കെ.വി ലൈൻ വലിച്ച് ട്രാൻഫോർമറും സ്ഥാപിച്ചു. ഇറിഗേഷൻ വകുപ്പിൽ നിന്ന് എൻ.ഒ.സി ലഭിക്കാത്തതിനാൽ വൈദ്യുതി കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. എൻ.ഒ.സിക്കു വേണ്ടിയുള്ള ഒാട്ടമാണ് കഴിഞ്ഞ 18 വർഷമായി കർഷകർ നടത്തുന്നത്. എൻ.ഒ.സി നൽകുന്നതിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നാണ് കൃഷിക്കാരുടെ ആരോപണം.