പൂയപ്പള്ളി: കൊല്ലത്തിന്റെ കൗമാരം ചിലങ്ക കെട്ടിയാടാനൊരുങ്ങുമ്പോൾ നീലമന സിസ്റ്റേഴ്സിന്റെ മനസ്സിൽ ഓർമ്മകളുടെ ചിലങ്കക്കിലുക്കം. സ്കൂൾ കലോത്സവങ്ങളിൽ കൊല്ലത്തിന്റെ അടയാളം ചാർത്തിയവരാണ് ഡോ.ദ്രൗപദി പ്രവീണും ഡോ.പത്മിനി കൃഷ്ണനും. ചെറു പ്രായത്തിൽ ചിലങ്കകെട്ടി വേദിയിലെത്തിയതും സംസ്ഥാന കലാതിലകപ്പട്ടം ചൂടിയതും ഇന്നും ആവേശമായി ഓർമ്മയിൽ തിരതല്ലുന്നു. പിന്നെ ശിഷ്യരെ നൃത്തവേദികളിലേക്ക് ആനയിക്കുന്നതുമൊക്കെയായി പറഞ്ഞുതീരാത്തത്ര വിശേഷങ്ങൾ.വീണ്ടും കൊല്ലത്തിന്റെ കൗമാര നർത്തകിമാർ വേദികളിൽ നിറഞ്ഞാടുമ്പോൾ കാഴ്ചക്കാരായി മുൻനിരയിലുണ്ടാകും ഇവർ. ഡോക്ടർമാരായെങ്കിലും ചിലങ്കയഴിക്കാൻ മനസ്സ് കാണിക്കാത്തവരാണ്.
വിവാഹശേഷം ഡോ. പ്രവീൺ നമ്പൂതിരി ദ്രൗപദിക്കും ഡോ. കൃഷ്ണൻ നമ്പൂതിരി പത്മിനിക്കും പ്രോത്സാഹനമായി. നൃത്തവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയാണ് ഇപ്പോൾ സഹോദരിമാർ. ദ്രൗപദിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കിൽ കുച്ചിപ്പുടിയിലാണ് പത്മിനിയുടെ ശ്രദ്ധ. കൊല്ലത്ത് കഴിഞ്ഞ ദിനങ്ങളിൽ ആവേശമുണർത്തിയ ത്രിനേത്ര നൃത്ത സംഗീതോത്സവത്തിന്റെ ചുക്കാൻ പിടിച്ചവരാണ് ഡോ.ദ്രൗപദിയും ഡോ.പത്മിനിയും.
ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തി ലിംക ബുക്കിൽ ഇടംനേടിയ ഡോ. എൻ.എൻ. മുരളിയുടെയും യോഗവതി അന്തർജ്ജനത്തിന്റെയും മക്കളാണ് ഡോ.ദ്രൗപദിയും ഡോ.പത്മിനിയും.