mundakkal
എസ്.എൻ കോളേജ് ജംഗ്ഷൻ- മുണ്ടയ്ക്കൽ പാലം റോഡ്

 രണ്ടാംഘട്ട ടാറിംഗ് വൈകുന്നത് ദുരിതമാകുന്നു

കൊല്ലം: ആദ്യഘട്ട ടാറിംഗ് പൂർത്തിയായ എസ്.എൻ കോളേജ് ജംഗ്ഷൻ- മുണ്ടയ്ക്കൽ പാലം റോഡിൽ നിന്നുയരുന്ന പൊടിപടലം പ്രദേശവാസികളെ ശ്വാസം മുട്ടിക്കുന്നു. രണ്ടാംഘട്ട ടാറിംഗ് നീണ്ടതിനെ തുടർന്ന് മെറ്റലും പാറപ്പൊടിയും ഇളകിയാണ് പൊടിശല്യം രൂക്ഷമായത്.

എസ്.എൻ കോളേജ് ജംഗ്ഷൻ- മുണ്ടയ്ക്കൽ പാലം റോഡ് കഴിഞ്ഞ രണ്ട് വർഷക്കാലത്തിലേറെയായി തകർന്ന് തരിപ്പണമായി കിടക്കുകയായിരുന്നു. പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ റോഡ് റീ ടാറിംഗിനുള്ള നടപടികൾ തുടങ്ങിയത്. ടെണ്ടർ നടപടികളടക്കം പൂർത്തിയായിട്ടും റീ ടാറിംഗ് മാസങ്ങളോളം നീട്ടി. ഒടുവിൽ ഒരുമാസം മുമ്പാണ് ടാറിംഗ് തുടങ്ങിയത്. ഇപ്പോൾ ടാറിംഗ് പൂർത്തിയാക്കാൻ ജനങ്ങൾ വീണ്ടും സംഘടിക്കേണ്ട അവസ്ഥയാണ്.

ബി.എം ആൻഡ് ബി.സി രീതിയിലാണ് റോഡ് റീ ടാർ ചെയ്യുന്നത്. ആദ്യഘട്ടമായ ബി.എം ടാറിംഗ് പൂർത്തിയായിട്ട് മൂന്നാഴ്ചയിലേറെ കഴിഞ്ഞിട്ടും രണ്ടാംഘട്ടമായ ബി.സി ടാറിംഗ് തുടർച്ചയായ മഴയെന്ന കാരണം പറഞ്ഞ് നീട്ടുകയാണ്.

 റോഡ് നനയ്‌ക്കാൻ തയ്യാറല്ല

എത്ര മഴ പെയ്താലും വെയിലടിച്ച് തുടങ്ങുമ്പോൾ വണ്ടികൾ കയറിയിറങ്ങി റോഡിൽ നിന്ന് പൊടിപടലം ഉയരും. കണ്ണിൽ പൊടിവീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്. റോഡ് വക്കിലെ വീടുകളുടെ വാതിലുകൾ ജനലുകളും തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. തുറന്നാൽ മുറി നിറയെ പൊടിനിറയും. പ്രായമേറിയവരാണ് വലിയ ബുദ്ധിമുട്ടനുഭവിക്കുന്നത്.

പൊടിശല്യം ഉണ്ടാകാതിരിക്കാൻ ബി.സി ടാറിംഗിന് മുന്നോടിയായി റോഡ് നനയ്ക്കണമെന്ന് വ്യവസ്ഥ ഉണ്ടെങ്കിലും കരാറുകാരൻ അതിന് തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ ശ്വാസംമുട്ട് പരിഹരിക്കാൻ യുവജനസംഘടനകളും സന്നദ്ധ സംഘടനകളുമാണ് വല്ലപ്പോഴും റോഡ് നനയ്ക്കുന്നത്.

" പൊടിശല്യം കാരണം നാട്ടുകാർ വല്ലാതെ ബുദ്ധിമുട്ടുകയാണ്. കരാറുകാരനെ വിളിക്കാത്ത ദിവസങ്ങളില്ല. രണ്ടാംഘട്ട ടാറിംഗ് ഇന്ന് ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.''

ഗിരിജാ സുന്ദരൻ (കൗൺസിലർ)