പരവൂർ: നഗരസഭയിൽ ഭരണകർത്താക്കൾ വികസനത്തേക്കാൾ പ്രാധാന്യം അഴിമതിക്ക് നൽകുന്നതായി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. അന്യായമായി വർദ്ധിപ്പിച്ച കെട്ടിടനികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പരവൂർ നഗരസഭയിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ പരവൂരിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കൊപ്പം അഴിമതിയുടെ വിഷയത്തിൽ മുന്നിലെത്താൻ പരവൂർ നഗരസഭയുടെ ഭരണക്കാർ ശ്രമിക്കുകയാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
പാർലമെന്ററി പാർട്ടി ലീഡർ എ. ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ സജീബ്, വി. പ്രകാശ്, റാം മോഹൻ, രാജേന്ദ്രപ്രസാദ്, ജെ. ഷെരീഫ്, സുജയ്, വി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സതീഷ് വാവറ, പ്രജി ആർ. ഷാജി, ഗീത കല്ലുംകുന്ന്, ഗീത, ദീപാ സോമൻ, ഷംജിത, സഹീറത്ത് തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കെടുത്തു.