കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമായതായി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. എമിഗ്രേഷൻ ചെക്ക് പോയിന്റിനുവേണ്ടി സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യാൻ നിയമസഭ ചേംബറിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
എമിഗ്രേഷൻ ചെക്ക് പോയിന്റിനു വേണ്ടിയുള്ള നടപടികൾ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. എമിഗ്രേഷൻ സെന്ററിന് ആവശ്യമായ സ്ഥലവും കെട്ടിടവും മാരിടൈം ബോർഡ് പൂർത്തീകരിച്ചിട്ടുണ്ട്. ഇൻസ്‌പെക്‌ഷൻ ബംഗ്ലാവിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. പോർട്ടിലെ ഗേറ്റും ഗേറ്റ് ഹൗസിന്റെയും നിർമ്മാണം നടന്നുവരികയാണ്. ഇക്കാര്യങ്ങൾ റിപ്പോർട്ടായി ആഭ്യന്തര വകുപ്പിന് സമർപ്പിക്കും. എമിഗ്രേഷൻ ചെക്ക് പോസ്റ്റിന് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ ലഭിക്കാനുള്ള നടപടികൾ ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചതായും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
മാരിടൈം ബോർഡ് ചെയർമാൻ പി.ജെ. മാത്യു, ജോയിന്റ് സെക്രട്ടറി ജിജിത്. കെ. ജോസഫ്, മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് കെ. ആർ. വിനോദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.