akshaya
അഞ്ചാലുംമൂട് അക്ഷയയിൽ മസ്റ്ററിംഗ് നടത്താൻ എത്തിയവരുടെ തിരക്ക്

 ഗേറ്റ് തുറന്നില്ല, വയോധികരുൾപ്പെടെ പെരുവഴിയിൽ നിന്ന് വലഞ്ഞു
അഞ്ചാലുംമൂട്: സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ്‌ നടത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് പെൻഷൻ വാങ്ങുന്നവർ കൂട്ടത്തോടെ അഞ്ചാലുംമൂട് അക്ഷയ സെന്ററിലെത്തിയത് ഉന്തും തള്ളിലും വാക്കേറ്റത്തിലും കലാശിച്ചു. ശാരീരിക സുഖമില്ലാത്തവരുൾപ്പെടെയാണ് തിക്കിലും തിരക്കിലും പെട്ട് വലഞ്ഞത്.

മസ്റ്ററിംഗ്‌ നടപടികൾ ആരംഭിച്ച ആദ്യ ദിവസമായ ഇന്നലെ ഭൂരിഭാഗം പെൻഷൻകാരും ഒരുമിച്ച് എത്തിയതോടെയാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. ഇരുന്നൂറ് പേർക്ക് മാത്രമേ ടോക്കൺ നൽകുകയുള്ളൂവെന്നും ഡിസംബർ 15 വരെ മസ്റ്ററിംഗ്‌ നടത്താമെന്നും അക്ഷയ അധികൃതർ അറിയിച്ചെങ്കിലും എത്തിയവരാരും മടങ്ങിപ്പോയില്ല.

അതേസമയം ഒമ്പത് മണിക്ക് മുമ്പ് സ്ഥലത്തെത്തിയ അക്ഷയ അധികൃതർ ആൾത്തിരക്കുണ്ടായിരുന്നിട്ടും കേന്ദ്രത്തിലേയ്ക്കുള്ള ഗേറ്റ് തുറന്നില്ലെന്ന ആരോപണമുണ്ട്. ഇതേതുടർന്ന് ഗേറ്റിന് മുന്നിലും പെരുവഴിയിലുമായി ആളുകൾ കാത്തുനിന്നത് അഞ്ചാലുംമൂട് - കാഞ്ഞിരംകുഴി റോഡിൽ അൽപ്പസമയം ഗതാഗതകുരുക്ക് ഉണ്ടാകാൻ കാരണമായി.

അഞ്ചാലുംമൂട് മേഖലയിൽ മാത്രം നാലോളം കേന്ദ്രങ്ങൾ വേറെയുണ്ടായിട്ടും അഞ്ചാലുംമൂട് അക്ഷയയെ ആശ്രയിക്കുന്നതാണ് തിരക്ക് അനിയന്ത്രിതമാകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. കാഞ്ഞാവെളി, താന്നിക്കമുക്ക്, നീരാവിൽ, സ്റ്റാർച്ച് ജംഗ്‌ഷൻ എന്നിവടങ്ങളിലെ അക്ഷയയിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ഈ അക്ഷയ കേന്ദ്രങ്ങളെ കൂടി ആശ്രയിക്കുവാൻ തയ്യാറായാൽ തിക്കും തിരക്കും ഒഴിവാക്കാൻ കഴിയും.