mayor
ജില്ലാ ഭരണകൂടവും ട്രാക്കും ചേർന്ന് കാവനാട് സംഘടിപ്പിച്ച സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി മേയർ വി. രാജേന്ദ്രബാബു,​ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ,​ ആർ.ടി.ഒ വി. സജിത്ത്,​ എ.സി.പി എ. പ്രദീപ്കുമാർ എന്നിവർ മെഴുകുതിരി തെളിച്ചപ്പോൾ

അഞ്ചാലുംമൂട്: റോഡപകടങ്ങളിൽ ഇരയായവരുടെ ഓർമ്മയ്ക്കായി ജില്ലാ ഭരണകൂടവും ട്രാക്കും ചേർന്ന് കാവനാട് സംഘടിപ്പിച്ച സ്‌മൃതി ദിനാചരണം അനുഭവസാക്ഷ്യങ്ങളുടെ വിവരണവേദി കൂടിയായപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു. ഗതാഗത നിയമവും റോഡ് മര്യാദകളും പാലിക്കേണ്ടുന്ന ആവശ്യകതയെകുറിച്ചുള്ള അവബോധം നടത്തിയത് അപകടങ്ങളിൽ പ്രിയപ്പെട്ടവർ നഷ്ടമായവരും അപകടങ്ങളിൽപ്പെട്ട് ചലനശേഷി നഷ്ടമായവരുൾപ്പെടയുള്ളവരായിരുന്നു എന്നുള്ളതും ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമായി.

ബൈപാസിൽ മരണപ്പെട്ട പത്തോളം പേരുടെ കുടുംബാംഗങ്ങൾ, റോഡപകടങ്ങളിൽപ്പെട്ട് വാഹനം ഒടിക്കാനോ നിവർന്ന് നടക്കാനോ കഴിയാതെ ജീവിതം വീൽചെയറുകളിൽ തളക്കപ്പെട്ട സ്ത്രീ അടക്കം ആറോളം പേരാണ് അനുഭവങ്ങൾ പങ്കുവച്ചത്.

മേയർ വി. രാജേന്ദ്രബാബു പുഷ്‌പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്ക് ശേഷം മെഴുകുതിരികൾ തെളിച്ച് ഗതാഗതനിയമ പരിപാലന പ്രതിജ്ഞയും എടുത്തു. ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ അദ്ധ്യക്ഷത വഹിച്ചു. ആർ.ടി.ഒ വി. സജിത്ത് പ്രഭാഷണം നടത്തി. എ.സി.പി എ. പ്രദീപ് കുമാർ, റിട്ട.ആർ.ടി.ഒമാരായ ബി. സത്യൻ, തുളസീധരൻപിള്ള എന്നിവർ പങ്കെടുത്തു.