raman
അറസ്റ്റിലായ പ്രതി രാമൻ (ചിന്തു )

# അറസ്​റ്റിലായ പ്രതി റിമാൻഡിൽ

കൊല്ലം: ബന്ധുവിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമ്പന പള്ളിമൺ പുലിയില ചരുവിള വീട്ടിൽ അശോകന്റെ മകൻ ആദർശിനെ (24) കുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പള്ളിമൺ തെക്കേഭാഗം ചിന്തു ഭവനിൽ ചിന്തു എന്നു വിളിക്കുന്ന രാമനെയാണ് (28) കോടതി റിമാൻഡ് ചെയ്തത്. മ​റ്റ് രണ്ട് പ്രതികൾക്കായി കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

അറസ്​റ്റിലായ രാമനെ സംഭവസ്ഥലത്തും കുത്താൻ ഉപയോഗിച്ച കത്തി ഉപേക്ഷിച്ചതായി പ്രതി പറഞ്ഞ പള്ളിമൺ ആറിന് സമീപത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ ആ​റ്റിൽ പരിശോധന നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

ശനിയാഴ്ച രാത്രി 11 മണിയോടെ മരണ വീടിനടുത്ത് റോഡിലിരുന്ന ബൈക്ക് എടുക്കാനെത്തിയ ആദർശിനെ മൂന്നംഗ സംഘം കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിലും തോളിലും കുത്തേറ്റ ആദർശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറസ്റ്റിലായ രാമന്റെ ബന്ധുവായ പെൺകുട്ടിയുമായി കൊല്ലപ്പെട്ട ആദർശ് പ്രണയത്തിലായിരുന്നു. വിനോദയാത്ര പോയ പെൺകുട്ടിയെ ആദർശ് ഫോണിൽ വിളിച്ചതാണ് കൊലപ്പെടുത്താൻ കാരണമായതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ആദർശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോ‌ർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അജീഷയാണ് സഹോദരി.