കരുനാഗപ്പള്ളി : എൽ.ഡി.എഫ് സർക്കാർ കരുനാഗപ്പള്ളിയിൽ അനുവദിച്ച സാംസ്കാരിക സമുച്ചയം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവും സുതാര്യതയും ഉറപ്പ് വരുത്തുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, അന്ധവിശ്വാസങ്ങൾക്കെതിരെ അണിചേരുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. കവി ഏഴാച്ചേരി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ആർ. പാലവിള അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ , പ്രൊഫ ആർ. രാധാകൃഷ്ണപിള്ള, ബി. സജീവൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വയലാർ ഗാനാലാപന മത്സരം, ഒ.എൻ. വി കവിതാലാപന മത്സരം എന്നിവ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ വിതരണം ചെയ്തു. വി.പി. ജയപ്രകാശ് മേനോൻ (പ്രസിഡന്റ്), പ്രൊഫ ആർ. രാധാകൃഷ്ണപിള്ള, കെ.ജി. കനകം (വൈസ് പ്രസിഡന്റ്), ടി.എൻ. വിജയകൃഷ്ണൻ (സെക്രട്ടറി), ബി. കൃഷ്ണകുമാർ, അനിൽ ആർ. പാലവിള (ജോയിന്റ് സെക്രട്ടറിമാർ), എം. പ്രകാശ് (ട്രഷറർ), എം. സുജ (വനിതാ സാഹിതി കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.