# കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്: ജി.എസ്. ജയലാൽ
കൊല്ലം: കൗമാരപ്രതിഭകളുടെ വസന്തകാലം പൂയപ്പള്ളിയിലേക്ക് വിരുന്നെത്തി. ഇനിയുള്ള മൂന്ന് ദിവസം പൂയപ്പള്ളിയിൽ കലാപ്രതിഭകളുടെ ഹൃദയം കവരുന്ന പ്രകടനങ്ങളാണ്.
കലോത്സവത്തിനായി കുട്ടികളെ രക്ഷാകർത്താക്കൾ സമ്മർദ്ദത്തിലാക്കരുതെന്നും സംഘാടനങ്ങളിൽ സുതാര്യതയുണ്ടാകണമെന്നും കലോത്സവം ഉദ്ഘാടനം ചെയ്ത ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. സർക്കാർ ഗൗരവമായി ഇടപെടാൻ തുടങ്ങിയതോടെ കലോത്സവങ്ങൾ ജനകീയമായെന്നും ജയലാൽ പറഞ്ഞു. കലാമത്സരങ്ങൾ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ റഹ്‌മാൻ , പൂയപ്പള്ളി പഞ്ചായത്ത് വെെസ് പ്രസിഡന്റ് സൂസൺ മാണി, വി.എച്ച്.എസ്.ഇ അസി.ഡയറക്ടർ കുര്യൻ എ. ജോൺ, കാെട്ടാരക്കര ഡി.ഇ.ഒ കെ. അനിത, പൂയപ്പള്ളി ഗവ. എച്ച്.എസ് ഹെഡ്മിസ്ട്രസ് വസന്തകുമാരി, പൂയപ്പള്ളി ഗവ.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് എം.ബി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഡി.ഡി.ഇ ടി. ഷീല സ്വാഗതവും ഹിലാൽ നന്ദിയും പറഞ്ഞു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാജൻ കോസ്മിക് ചിട്ടപ്പെടുത്തിയ 'ചിലങ്ക കെട്ടിയ രാവുകൾ പകലുകൾ... "എന്ന സ്വാഗതഗാനത്തോടെയാണ് കലോത്സവത്തിന്റെ തിരശീല ഉയർന്നത്. ഓട്ടൻ തുള്ളൽ കലാകാരി ദൃശ്യ ഗോപിനാഥ് ഭദ്രദീപം തെളിച്ചു.