കരുനാഗപ്പള്ളി: വേദാന്തവും വേദാന്ത സാരവും ഉൾക്കൊള്ളുന്ന അർത്ഥസമ്പുഷ്ടമായ പ്രാർത്ഥനാ ഗീതമാണ് ഗുരുദേവൻ രചിച്ച ദൈവദശകമെന്ന് എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവൻ പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ദൈവദശകം എന്ന കൃതിയെ ആസ്പദമാക്കിയുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദാന്തത്തെ മുഴുവൻ ശ്രീനാരായണ ഗുരുദേവൻ 10 ശ്ലാേകങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ദൈവത്തെ തിരക്കി നമ്മൾ എങ്ങും പോകേണ്ടതില്ലെന്നും ദൈവം നമ്മളിൽ തന്നെ കുടികൊള്ളുന്നുണ്ടെന്നുമുള്ള തത്വചിന്ത ഉദ്ഘാഷിക്കുന്ന കൃതിയാണ് ദൈവദശകം. പഞ്ചകോശങ്ങളാൽ അനാവരണ ചെയ്തിരിക്കുന്ന ജീവാത്മാവിന് പരമാത്മാവുമായിട്ട് മാത്രമേ ബന്ധമുള്ളു എന്ന വേദാന്തം വളരെ ലളിതമായ ഭാഷയിലാണ് ഗുരുദേവൻ രചിച്ചിരിക്കുന്നത്. ദൈവവും ദേവനും രണ്ടും രണ്ടാണെന്ന് ദൈവദശകത്തിൽ പറയുന്നു. ഇത് മനസ്സിലാക്കണമെങ്കിൽ ഗുരുദേവ ദർശനങ്ങളുടെ വ്യാപ്തി ആഴത്തിൽ മനസ്സിലാക്കൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ സലിംകുമാർ, ബി.കമലൻ ശാഖാ ഭാരവാഹികളായ അജിത്കുമാർ, സനൽ, ഹരിലാൽ, ചന്ദ്രശേഖരൻ, സുരേഷ്, അനിൽകുമാർ, സജി, മോഹനൻ, അജി, പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു. ക്ലാപ്പന തെക്ക് 443-ം നമ്പർ ശാഖയിലെ ഗുരുക്ഷേത്ര നൃത്ത വിദ്യാലയത്തിലെ കലാകാരൻമാർ അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.