കരുനാഗപ്പള്ളി : പടിഞ്ഞാറേ കല്ലട സജൂഭവനത്തിൽ സാബു-ശ്രീദേവി ദമ്പതികളുടെ നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.വൈ.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. 11 ന് വൈകിട്ട് 8 മണിയോടുകൂടി പ്രസവാനന്തരം കുഞ്ഞ് മരണപ്പെടുകയായിരുന്നു. ശ്രീദേവിയെ ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് സമരക്കാർ ആരോപിക്കുന്നു. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ ഡോക്ടറെ മാറ്റി നിറുത്തി നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധത്തിന് കെ.പി.എം.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുഷ ശ്രീനിവാസ്, സുജ ബിജുകുമാർ, കെ.പി.വൈ.എം സംസ്ഥാന പ്രസിഡന്റ് സുഭാഷ് എസ്. കല്ലട, ജില്ലാ വൈസ് പ്രസിഡന്റ് സുനി വിജയരാജൻ, കെ.പി.വൈ.എം ജില്ലാ പ്രസിഡന്റ് സി.കെ. രതീഷ്, ജില്ലാ സെക്രട്ടറി മൈഷു മുരളി, പ്രവീൺ, എം.എഫ്., ജില്ലാ സെക്രട്ടറി ശാലിനി സന്തോഷ്, സുഭദ്ര, കെ.പി.എം.എസ് ശാസ്താംകോട്ട യൂണിയൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ, സെക്രട്ടറി രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.