കൊല്ലം: നാലുവർഷം പിന്നിടുമ്പോൾ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂട്ടായ പ്രവർത്തന ഫലമായി നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതായി സ്ഥാനമൊഴിയുന്നതിന് മുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ മേയർ വി. രാജേന്ദ്രബാബു പറഞ്ഞു.
നഗരത്തിലെ പ്രധാന പ്രശ്നമായ മാലിന്യനിക്ഷേപത്തിനെതിരെ നടപടികൾ സ്വീകരിച്ചു. നഗര വികസനത്തിന് അർബൻ കോൺക്ലേവ് സംഘടിപ്പിക്കുകയും അതിലൂടെ നഗരത്തിന്റെ പൈതൃകം നിലനിറുത്തി മിഷൻ കൊല്ലം പദ്ധതി കൂടി ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാകുകയാണ്. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നഗരപാലിക, ആർദ്രം അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ നാടക-സംഗീത-നൃത്തോത്സവങ്ങളുൾപ്പെടെ സംഘടിപ്പിക്കാൻ സാധിച്ചെന്നും മേയർ പറഞ്ഞു.
ആരോപണങ്ങൾ വിഷമമുണ്ടാക്കി
കടപ്പാക്കടയിൽ തന്റെ പേരിലുള്ള കട വികസന പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന ആരോപണം മാനസിക വിഷമം ഉണ്ടാക്കിയതായി മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. അടുത്ത മേയർ അധികാരമേൽക്കുമ്പോൾ ആദ്യ നടപടി ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനവീയവും സ്റ്റാച്യു പാർക്കും പൂർത്തീകരിക്കും
നഗരസഭയുടെ പ്രധാന പദ്ധതികളായ മാനവീയവും സ്റ്റാച്യു പാർക്കും ഈ കൗൺസിലിന്റെ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. സി.വി. ആനന്ദബാേസ് നൽകിയ ആശയമാണ് സ്റ്റാച്ച്യു പാർക്ക്.
കൂടാതെ കൊല്ലം ബീച്ചിനോട് ചേർന്ന് ഫ്രീഡം പാർക്ക് എന്ന ആശയം ആറുമാസത്തിനുള്ളിൽ നടപ്പാക്കും. പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദനെ ക്യൂറേറ്ററാക്കി ദേശീയ - അന്തർദ്ദേശീയ തലത്തിൽ കൊല്ലം ലിറ്റററി ഫെസ്റ്റ്, എക്സിബിഷൻ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫാത്തിമ ലത്തീഫ്; സമഗ്ര അന്വേഷണം വേണം
ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം നഗരസഭാ കൗൺസിൽ ഏകകണ്ഠമായി പാസാക്കി. എസ്.എം.പി പാലസ് ചരിത്രസ്മാരകമാക്കി നഗരസഭയുടെ കീഴിൽ സംരക്ഷിക്കാനുള്ള പ്രമേയവും കൗൺസിൽ അംഗീകരിച്ചു.
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ് നഗരസഭയിലും സ്ഥാപിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. തെരുവ് വിളക്ക്, തെരുവ് നായ, റോഡ് നിർമ്മാണം, ടൗൺഹാൾ നവീകരണം, പി.എം.എ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ കൗൺസിലിൽ ചർച്ചയായി. കൗൺസിലർമാരായ എ.കെ. ഹഫീസ്, ഗോപകുമാർ, ഹണി ബഞ്ചമിൻ, രാജ്മോഹൻ, മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.