rajendrababu
വി. രാജേന്ദ്രബാബു

കൊല്ലം: മേയർ വി. രാജേന്ദ്രബാബു ഇന്ന് രാജിവയ്ക്കും. മുന്നണി ധാരണ പ്രകാരം അടുത്ത ഒരു വർഷം മേയർ സ്ഥാനം സി.പി.ഐക്ക് നൽകുന്നതിന്റെ ഭാഗമായാണ് രാജി. പുതിയ മേയറെ രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുക്കും. അതുവരെ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് മേയറുടെ താത്ക്കാലിക ചുമതല വഹിക്കും.

മുന്നണി ധാരണ പ്രകാരം ഡെപ്യൂട്ടി മേയറും രാജിവയ്ക്കേണ്ടതാണെങ്കിലും നടപടി ക്രമങ്ങൾ പാലിക്കാൻ വേണ്ടി പുതിയ മേയർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാകും രാജി. അടുത്ത ഒരുവർഷം ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.എമ്മിനാണ്.

ഇന്ന് രാവിലെ രണ്ട് ചടങ്ങുകളിൽ കൂടി പങ്കെടുത്ത ശേഷം വൈകുന്നേരത്തോടെ മേയർ സെക്രട്ടറിക്ക് രാജി സമർപ്പിക്കും. കോർപ്പറേഷൻ ഗവ. ടി.ടി.ഐ അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 9.30നും സി. കേശവൻ സ്മാരക ടൗൺഹാളിന് സമീപം പുതിയ സ്റ്റാച്ച്യു പാർക്കിന്റെ ശിലാസ്ഥാപനം 10.30നും മേയർ നിർവഹിക്കും.

കഴിഞ്ഞ നാലുവർഷക്കാലം ഒട്ടേറെ വികസന, ക്ഷേമ പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തെന്ന ചാരിതാർത്ഥ്യത്തോടെയാണ് രാജേന്ദ്രബാബു പടിയിറങ്ങുന്നത്. കൊല്ലത്ത് മഹാകവി കുമാരനാശാന് സ്മാരകം നി‌ർമ്മിക്കാനുള്ള തീരുമാനം എടുക്കുകയും കോർപ്പറേഷൻ വക രണ്ടേക്കറോളം സ്ഥലം ഇതിനായി മാറ്റിവച്ച് കുമാരനാശാൻ പാർക്കെന്ന് നാമകരണവും ചെയ്തു. മഹാകവിയുടെ പ്രതിമ നിർമ്മാണത്തിന് പ്രശസ്ത ശില്പി കാനായി കുഞ്ഞുരാമനെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ട് തവണ കൊല്ലം മേയറായ രാജേന്ദ്രബാബു 14 വർഷമായി കൗൺസിലറാണ്. ഉളിയക്കോവിൽ ഡിവിഷനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.

 എൻ. മോഹനൻ പുതിയ മേയർ ?

പുതിയ മേയറെ 22ന് ചേരുന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ തീരുമാനിക്കും. കടപ്പാക്കട ഡിവിഷൻ കൗൺസിലർ എൻ. മോഹനൻ പുതിയ മേയറാകുമെന്നാണ് സൂചന. പുതിയ മേയറാകാൻ സി.പി.ഐയിലെ ഒരു മുൻ വനിതാ മേയറടക്കം മൂന്നോളം പേർ രംഗത്തുണ്ടെങ്കിലും മോഹനനെ മേയറാക്കണമെന്ന നിലപാടിനാണ് ജില്ലാ കമ്മിറ്റിയിൽ മുൻതൂക്കമെന്നറിയുന്നു.

ഒരു വർഷം കഴിഞ്ഞ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം വനിതാ സംവരണമാകുമെന്നതിനാൽ ഇപ്പോൾ ഒരു വർഷത്തേക്ക് വനിതയെ പരിഗണിക്കേണ്ടെന്നാണ് സി.പി.ഐയിൽ ഉയരുന്ന പൊതുവികാരം. മാത്രമല്ല, ഡെപ്യൂട്ടി മേയർ സ്ഥാനത്ത് വനിതയായതിനാൽ മേയർ കൂടി വനിതയാകുന്നതിൽ അനൗചിത്യമുണ്ട്. പിന്നാക്ക വിഭാഗക്കാരനെന്നതും മോഹനന് അനുകൂല ഘടകമാണ്.

ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് രാജിവയ്ക്കുന്ന ഒഴിവിൽ സി.പി.എമ്മിലെ ഗീതാകുമാരിക്ക് നറുക്ക് വീഴാനാണ് ഏറെ സാദ്ധ്യത. മുമ്പൊരിക്കൽ ഗീതാകുമാരിയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതാണ്.