ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം മൂന്നാം ദിവസം കടന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പടനിലത്തേക്ക് ഒഴുകിയെത്തുന്നു. വൈകിട്ട് ദീപാരാധന തൊഴാൻ ഭക്തജനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. പ്രധാന ആൽത്തറകളുടെ പ്രദക്ഷിണ വഴികളും, ഒണ്ടിക്കാവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്രഗോപുരം മുതൽ ആരാധനാ ആൽത്തറകകൾവരെയുള്ള ഭാഗങ്ങളിൽ വഴിവാണിഭക്കാരെ ഒഴിവാക്കിയതിനാൽ അനായാസമായി തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു.ക്ഷേത്രത്തിലെ സ്ഥിരം അന്നദാനത്തിനു പുറമെ ഇപ്പോൾ ഓരോ പർണ്ണശാലയിലും അന്നദാനം നടക്കുകയാണ്. ഭജനം പാർക്കുന്ന ഭക്തജനങ്ങൾ വിവിധതരം ഭക്ഷണമാണ്പടനിലത്ത് വിതരണം ചെയ്യുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ദിവസവും രണ്ടുനേരം പടനിലത്ത് ക്ലോറിനേഷൻ നടത്തുന്നുണ്ട്. വിവിധ ഭജനസംഘങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന നാമജപ പ്രദക്ഷിണവും ഭക്തജനങ്ങളെ ആകർഷിക്കുന്നുണ്ട്. എട്ടുകണ്ടം ഉരുൾ, അവയവരൂപ സമർപ്പണം തുടങ്ങി ഓച്ചിറയിൽ മാത്രമുള്ള വഴുപാടുകൾക്കാണ് തിരക്ക്.
പടനിലത്ത് കർശനമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ. ഡി പദ്മകുമാർ, ട്രഷറർ എം. ആർ വിമൽഡാനി തുടങ്ങി ഭാരവാഹികൾ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.