കർഷകർ പിന്മാറുന്നു
കരുനാഗപ്പള്ളി: തഴവ - തൊടിയൂർ വട്ടക്കായൽ പുഞ്ചയിൽ ഇക്കൊല്ലം കൃഷിയിറക്കാതെ കർഷകർ പിന്മാറുന്നു. വെള്ളക്കെട്ട് കാരണം പുഞ്ചയിൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കൃഷിക്കാർ ഒന്നടങ്കം പറയുന്നു. പള്ളിക്കലാറ്റിൽ നിന്ന് വെള്ളം പുഞ്ചയിലേക്ക് കയറുന്നതാണ് കൃഷിക്കാർക്ക് വിനയായത്. എല്ലാ വർഷവും ഒക്ടോബർ മാസത്തോടെ കൃഷിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. പുഞ്ചയിൽ നിന്ന് വെള്ളം അടിച്ച് പുറത്തേക്ക് കളയുന്നതാണ് പ്രാരംഭ പ്രവർത്തനം. വെള്ളം പൂർണമായും അടിച്ച് കളയണമെങ്കിൽ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടി വരുമെന്ന് കർഷകർ പറയുന്നു. തുടർന്ന് നവംബർ മാസത്തിന്റെ രണ്ടാം വാരത്തിലാണ് പുഞ്ചയിൽ വിത്ത് വിതയ്ക്കാറുള്ളത്. എങ്കിൽ മാത്രമേ ഏപ്രിൽ മാസത്തിൽ വിളവെടുക്കാൻ കഴിയൂ. വർഷങ്ങളായി ഈ കൃഷി രീതിയാണ് പിൻതുടർന്ന് വരുന്നത്. ഇക്കുറി നവംബർ മാസം പകുതി കഴിഞ്ഞിട്ടും പുഞ്ചയിലെ വെള്ളം വറ്റിക്കാനോ വിത്ത് വിതയ്ക്കാനോ കഴിഞ്ഞിട്ടില്ല.
180 ഓളം വരുന്ന കർഷകരാണ് കൂട്ടത്തോടെ കൃഷിയിറക്കാതെ പിന്മാറുന്നത്.
7 തറകളും വെള്ളത്തിൽ
മോട്ടോർ വെച്ച് വെള്ളം വറ്റിക്കേണ്ട 7 തറകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിലവിൽ മോട്ടോർ വെയ്ക്കുന്ന തറയിൽ 2 അടിയോളം വെള്ളമുണ്ട്. മോട്ടോർ വെയ്ക്കുന്ന തറയിൽ നിന്ന് 2 അടിയോളം വെള്ളം താഴ്ന്ന് നിന്നെങ്കിൽ മാത്രമേ പമ്പിംഗ് നടക്കുകയുള്ളൂ. വെള്ളം താഴാതെ മോട്ടോർ വെയ്ക്കാനും കഴിയുകയില്ല.
ഇറിഗേഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ ഉന്നത തല സംഘം മൂന്ന് ആഴ്ചകൾക്ക് മുമ്പ് തടയണ സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സന്ദർശനം കഴിഞ്ഞ് 3 ആഴ്ച പിന്നിടുമ്പോഴും കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇനിയും ആരംഭിച്ചിട്ടില്ല
തൊടിയൂർ - തഴവാ ഊർജ്ജിത നെല്ല് ഉല്പാദക കർഷക സമിതി സെക്രട്ടറി ടി.ര ഘുനാഥൻ
വില്ലനായത് തടയണ നിർമ്മാണം
തൊടിയൂർ പാലത്തിന് തെക്ക് വശം പള്ളിക്കലാറ്റിൽ പുതുതായി നിർമ്മിച്ച തടയണയാണ് കൃഷിക്കാർക്ക് വില്ലനായത്. തടയണ നിർമ്മിച്ചതോടെ പള്ളിക്കലാറിലൂടെ ഒഴുകിപ്പോയിരുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഇതോടെ തടയണയുടെ വടക്ക് ഭാഗത്ത് കെട്ടി നിൽക്കുന്ന വെള്ളം ടി.എസ് കനാലിലൂടെ പുഞ്ചയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഇതിനെതിരെ കൃഷിക്കാർ ആർ. രാമചന്ദ്രൻ എം.എൽ.എ മുഖാന്തരം നൽകിയ പരാതിയെ തുടർന്ന് ഇറിഗേഷൻ ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ ഉന്നത തല സംഘം മൂന്ന് ആഴ്ചകൾക്ക് മുമ്പ് തടയണ സന്ദർശിച്ചിരുന്നു. തടയണ നിർമ്മാണത്തിലെ അപാകത നേരിട്ട് മനസിലാക്കിയ ഉദ്യോഗസ്ഥ സംഘം ഇത് പരിഹരിക്കാനുള്ള നടപടി ഒരാഴ്ചയ്ക്കുള്ളിൽ സ്വീകരിക്കുമെന്ന് കൃഷിക്കാർക്ക് ഉറപ്പും നൽകി. തടയണയുടെ ഇരുവശങ്ങളിലും 5 മീറ്റർ താഴ്ചയിൽ ബൈപ്പാസ് കനാൽ നിർമ്മിച്ച് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനിച്ചത്. എന്നാൽ ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് കൃഷിക്കാർ പറയുന്നു.