യോഗം ആരംഭിച്ചയുടൻ പിരിച്ചുവിട്ടു
പരവൂർ: പരവൂർ നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളം മൂലം ചെയർമാൻ ആരംഭിച്ചയുടൻ പിരിച്ചുവിട്ടു. യോഗം ആരംഭിച്ചപ്പോൾ യു.ഡി.എഫ് കൗൺസിലർ വി. പ്രകാശ് നഗരത്തിലെ കേടായ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്ന വിഷയം ഉന്നയിച്ചു. അജൻഡയിൽ ഇല്ലാത്ത വിഷയം ചർച്ച ചെയ്യില്ലെന്ന് ചെയർമാൻ അറിയിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി.യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിക്കാൻ തുടങ്ങുന്നതിനിടെ അജൻഡകൾ പാസാക്കിയതായി അറിയിച്ച് ചെയർമാൻ യോഗം പിരിച്ചുവിട്ടു.
ഇതിനിടെ മുനിസിപ്പൽ സെക്രട്ടറി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ. ഷുഹൈബിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ വി. പ്രകാശ്, സതീഷ് വാവറ, സഹീറത്ത്, ഗീത കല്ലുംകുന്ന്, ഗീത, പ്രിജി ആർ. ഷാജി, ഷംജിത, ദീപാ സോമൻ എന്നിവർ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. ഒന്നര മണിക്കൂറോളം ഉപരോധനസമരം തുടർന്നു.
പൊലീസ് സ്ഥത്തെത്തി നടത്തിയ ചർച്ചയിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താം എന്ന സെക്രട്ടറിയുടെ ഉറപ്പിൻമേൽ ഉപരോധം പിൻവലിച്ചു.
കൗൺസിലിൽ ചർച്ച ചെയ്യാതെ അജൻഡകൾ പാസാക്കിയ ചെയർമാന്റെ നടപടി ജനാധിപത്യ വിരുദ്ധമാന്നെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കൗൺസിലർ പരവൂർ സജീബും കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസും പറഞ്ഞു.