പൂയപ്പള്ളി: മന്ത്രിമാരും എം.പിമാരും ജില്ലാ പഞ്ചായത്ത് ഭാരവാഹികളും വിട്ടുനിന്നു, മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടി അമ്മയാണ് കലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മന്ത്രി കെ.രാജു കലാ മത്സരങ്ങളും ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ ഇരു മന്ത്രിമാരും എത്തിയില്ല. ഭദ്രദീപം തെളിയിക്കാൻ മുൻ സംസ്ഥാന സ്കൂൾ കലോത്സവ കലാതിലകമെന്ന നിലയിലാണ് ദൃശ്യാഗോപിനാഥിനെ നിശ്ചയിച്ചത്. ഇവർ ദീപം തെളിയിക്കുകയും ചെയ്തു. എന്നാൽ ദൃശ്യാഗോപിനാഥ് കലാതിലകം ആയിട്ടില്ലെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചതും വിവാദങ്ങൾക്ക് ഇടയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അംഗവുമടക്കം കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും പരാതി ബോധിപ്പിക്കുകയും ചെയ്തു. മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്ന എം.പിമാരും എം.എൽ.എമാരും ചടങ്ങിൽ പങ്കെടുത്തില്ല. സംഘാടക സമിതി ചെയർമാൻ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടകനായി. അപ്രതീക്ഷിതമായി പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഹംസ റാവുത്തർ അദ്ധ്യക്ഷനാകേണ്ടി വന്നതിന്റെ ആശങ്കയും ഉപക്രമത്തിൽ പ്രകടമായി. രാവിലെ പതാക ഉയർത്തലിന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.ഷീല എത്തിയപ്പോൾ ആതിഥേയയായ പൂയപ്പള്ളി ഗവ.ഹൈസ്കൂൾ പ്രഥമാദ്ധ്യാപിക എത്താൻ വൈകിയതും തുടക്കത്തിലെ കല്ലുകടിക്ക് കാരണമായി. സംഘാടനത്തിൽ ആകെക്കൂടി പാകപ്പിഴവുണ്ടെന്നാണ് ആക്ഷേപം. അതൊക്കെ ഇനിയുള്ള ദിവസങ്ങളിൽ പരിഹരിക്കാമെന്ന് സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്.