കൊല്ലം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്റണത്തിൽ കൊല്ലം കോർപ്പറേഷന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി രാമൻകുളങ്ങരയിൽ ഖാദി റെഡിമെയ്ഡ് വാർപ്പിംഗ് (പാവ്) യൂണിറ്റ് പ്രവർത്തനം തുടങ്ങി. മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു.
നൂൽപ്പ് കേന്ദ്രങ്ങളിൽ ഉല്പാദിപ്പിക്കുന്ന നൂൽ നെയ്ത്തുകേന്ദ്രങ്ങളിലെ തറി ഉപയോഗിച്ച് നെയ്‌ത് ഖാദി വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ തൊഴിലാളികൾക്ക് പാവ് ചുറ്റാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. റെഡിമെയ്ഡ് വാർപ്പിംഗ് യൂണിറ്റ് നിലവിൽ വന്നതോടെ പാവ് ചുറ്റൽ വേഗത്തിലാക്കാനും അത്തരം പാവുകൾ സമയബന്ധിതമായി നെയ്ത്ത് കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനും സാധിക്കും. ഇതിലൂടെ ഗണ്യമായ തോതിൽ നെയ്ത്ത് വേഗത്തിലാക്കാനും ഉല്പാദനം വർധിപ്പിക്കാനും കഴിയുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു.
ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സത്താർ, പി.ജെ. രാജേന്ദ്രൻ, ഡിവിഷൻ കൗൺസിലർ ആനേപ്പിൽ ഡോ. ഡി. സുജിത്ത്, കൗൺസിലർ എസ്. ജയൻ, ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ശരത് വി. രാജ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ജി. സജീവ് തുടങ്ങിയവർ പങ്കെടുത്തു.
രാമൻകുളങ്ങര ഖാദി ഗ്രാമവ്യവസായ പാർക്കിൽ വിവിധ ജില്ലകൾക്കാവശ്യമായ റെഡിമെയ്ഡ് വാർപ്പ് ഉല്പാദിപ്പിക്കുന്ന പദ്ധതിയിലൂടെ 25 പേർക്ക് നേരിട്ടും നൂറിലധികം പേർക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും.