navas
അപകടകരമായ സ്ഥിതിയിൽ റോഡിലേക്ക് ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരം

ശാസ്താംകോട്ട: വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയായി റെയിൽവേ പുറമ്പോക്കിലെ ഉണങ്ങിയ മരം. ആശാരിമുക്ക് - കാരൂർക്കടവ് റോഡിലാണ് കൂറ്റൻ അക്കേഷ്യമരം അപകടാവസ്ഥയിൽ നിൽക്കുന്നത്. പ്രധാന പാതയിൽ നിന്ന് കാരൂർക്കടവിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ അവസ്ഥ. റെയിൽഗേറ്റിനു സമീപമാണ് മരം നിൽക്കുന്നതെന്നതും ഭീഷണി വർദ്ധിപ്പിക്കുന്നു. ചുവടുൾപ്പടെ ദ്രവിച്ച അവസ്ഥയിലായതിനാൽ മരം വീണാൽ വൻ ദുരന്തമാകും ഫലം.

റെയിൽവേ ഗേറ്റ് അടക്കുന്ന സമയങ്ങളിൽ സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇവിടെ നിറുത്തിയിടാറുണ്ട്. എന്നാൽ അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലെ ഈ മരം മുറിച്ചുമാറ്റണമെന്നത് കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ്. ഇതിനായി നിരവധി തവണ നിവേദനങ്ങളും നൽകി. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. വിഷയത്തിൽ ആലംഭാവം വെടിയണമെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

നിവേദനം നൽകി

യാത്രക്കാർക്ക് ഭീഷണിയായ പാഴ്മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട്

ഗ്രാമപഞ്ചായത്ത്‌ അംഗം ലതാകുമാരിയുടെയും യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ വൈ. നജീമിന്റെയും നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്കും റയിൽവെ അധികാരികൾക്കും പഞ്ചായത്തിനും പരാതി നൽകി.