ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡിൽ സമ്പൂർണ കുടിവെള്ള സജ്ജമായി. ജില്ലാ പഞ്ചായത്തിന്റെയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ചിറക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ എസ്.എൻ കോളേജ് ജംഗ്ഷൻ, ഉളിയനാട് വേടർ കോളനി, കാരംകോട് ജംഗ്ഷൻ, ഉളിയനാട് വയലിക്കട എന്നിവിടങ്ങളിൽ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കി. കൂടാതെ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിൽ വാർഡിലെ ഇരുന്നൂറ് പട്ടികജാതി കുടുംബങ്ങൾക്ക് സൗജന്യ പൈപ്പ്ലൈൻ കണക്ഷൻ പദ്ധതിയും ആരംഭിച്ചു.
പദ്ധതികളുടെ ഉദ്ഘാടനം ഉളിയനാട് കോമൺഫെസിലിറ്റി സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉല്ലാസ്‌കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം സി. സുശീലാദേവി, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ്, വാട്ടർ അതോറിറ്റി എ.ഇ സന്തോഷ് അഖില തുടങ്ങിയവർ സംസാരിച്ചു.