ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഒരുക്കിയ പവലിയൻ കേരള ഹൈക്കോടതി ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം
ചെയ്തു. ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലുടനീളം നടത്തുന്ന പ്രവർത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുക, പൊതുജനങ്ങളുടെ നിയമപരമായ സംശയങ്ങൾക്ക് പരിഹാരമാർഗം നിർദേശിക്കുക, പരബ്രഹ്മ ക്ഷേത്ര നഗരിയിൽ ഫലപ്രദമായ രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ സംവിധാനം നടപ്പാക്കുക തുടങ്ങിയവയാണ് പവലിയൻ പ്രവർത്തനം കൊണ്ട് ലക്ഷൃമിടുന്നതെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. ചടങ്ങിൽ പരബ്രഹ്മ ക്ഷേത്ര ഭാരവാഹികൾ, പി.ആർ.ഒ എ. സൈജു അലി, പവലിയൻ ഇൻ ചാർജ് ഷാജിമോൻ, ബിജുകുമാർ, അഡ്വ. ജയപ്രകാശ്, അഡ്വ. മായ, അഡ്വ. ഷൈനി, ശങ്കരപിള്ള എന്നിവർ പങ്കെടുത്തു. ലീഗൽ സർവീസസ് അതോറിറ്റി, കോടതി എന്നിവയിലെ ജീവനക്കാർ, അഭിഭാഷകർ, പാരാലീഗൽ വാളണ്ടിയർ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജും ഡി.എൽ.എസ്.എ ചെയർമാനുമായ എസ്.എച്ച് പഞ്ചാപകേശൻ, ചവറ ഫാമിലി കോടതി ജഡ്ജും ടി.എൽ.എസ്.സി ചെയർമാനുമായ ബിന്ദുകുമാരി വി.എസ് , സബ് ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ സുബിത ചിറക്കൽ എന്നിവർ നേതൃത്വം നൽകും.