c
തോറ്റംപാട്ടിന്റെ ഭക്തിനിറവിൽ കാട്ടിൽമേക്കതിൽ ദേവീസന്നിധി

പൊൻമന: വൃശ്ചികം രണ്ടുമുതൽ തുടങ്ങിയ തോറ്റംപാട്ടിന്റെ ഭക്തിനിറവിലാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്ര സന്നിധി. തിരുവനന്തപുരം ശ്രീകാര്യം സുരേഷ് രാമചന്ദ്രനും സംഘവുമാണ് പാട്ടുപാടി ദേവിയെ വാഴ്ത്തുന്നത്. വൃശ്ചികം 9 ന് ദേവിയുടെ എതിരേൽപ്പ്പാട്ടാണ്. ഭർത്താവായ പാലകൻെറ ഇല്ലത്തിൽ ദേവിയെ എതിരേറ്റ് കുടിവെക്കുന്നു. ഈ എതിരേൽപ്പ് പാട്ടിന്റെ ചടങ്ങുകൾക്ക് ആയിരങ്ങൾ എത്തും.

എല്ലാ ദിവസവും ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ക്ഷേത്രത്തിനു മുന്നിലെപേരാലിൽ ഏഴു പ്രാവശ്യം പ്രദക്ഷിണം വെച്ച് മണി കെട്ടുന്നതിനു വേണ്ടി ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത് ഇവർക്കായി ക്ഷേത്ര ഭരണ സമിതി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ദേവിയുടെ ഇഷ്ട വഴിപാടായ അറുനാഴി മഹാനിവേദ്യം എല്ലാ ദിവസവും നടത്താവുന്നതാണ്. ഇതിനായി ഭക്തർ മുൻകൂട്ടി ക്ഷേത്ര ഭരണ സമിതി ഓഫീസുമായി ബന്ധപ്പെടണം. നിത്യപൊങ്കാലയും കുടുംബ ഐശ്വര്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമായി നാണയ നിറപറയും ശരീര രക്ഷയ്ക്കും രോഗശാന്തിക്ക് ഭൂത ബാധ നിവാരത്തിനുള്ള രക്ഷാ മന്ത്രച്ചരട്, കാളി കവചം എന്നിവയും ക്ഷേത്രത്തിൽ നിന്ന് ഭക്തർക്ക് ലഭിക്കുന്നതാണ്.