പത്തനാപുരം: കലഞ്ഞൂർ പാടം പാതയിലെ ചിതൽ വെട്ടിയിൽ പഴയ പാലത്തിനു സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കാനുള്ള ശ്രമത്തിനിടെ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാക്കി. പഴയ പാലം ഭാഗികമായി തകർന്ന നിലയിലായതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. സ്കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങിയ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിന്റെ വശങ്ങളാണ് ഇടിഞ്ഞ് താഴ്ന്നത്. ഇതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. മാങ്കോട് പാടം നിവാസികൾക്ക് പത്തനാപുരത്തെത്താൻ ഏറെ സഹായകരമായ പാതയാണിത്. റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ചിതൽ വെട്ടിയിൽ പഴയ പാലത്തിനു സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.
വശങ്ങളിൽ നിന്ന് മണ്ണിളക്കിയത് വിനയായി
പാലത്തിന്റെ കൂടുതൽ ഭാഗങ്ങൾ തകർന്നാൽ ഗതാഗതം പൂർണമായും നിലയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്ന് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നു. പഴയ പാലത്തിനു സമാന്തരമായ പാലം നിർമ്മിക്കാൻ വശങ്ങളിൽ നിന്ന് മണ്ണിളക്കിയതിനെ തുടർന്നാണ് പാലത്തിനു ബലക്ഷയം സംഭവിച്ചത്. സമാന്തരപാലം നിർമ്മിക്കുന്നതുവരെ പഴയപാലം നിലനിറുത്താനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.