കരുനാഗപ്പള്ളി: തൊടിയൂർ പാലത്തിന് തെക്ക് വശം ഇറിഗേഷൻ വകുപ്പ് അശാസ്ത്രീയമായി നിർമ്മിച്ച തടയണ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. തൊടിയൂരിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുന്നതുവരെ യൂത്ത് കോൺഗ്രസ് സമരരംഗത്തുണ്ടാകുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പറഞ്ഞു. തടയണ ജനങ്ങൾ പൊളിച്ചുമാറ്റുന്ന സാഹചര്യം അധികാരികൾ ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തടയണ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. ഷിബു എസ്.തൊടിയൂർ, ബിജു പാഞ്ചജന്യം, പാവുമ്പാ അനിൽകുമാർ, പാവുമ്പ സുനിൽ, വിധു സുന്ദർ, ബിലാൽ കോളാട്ട്, രാജീവ് കള്ളേത്ത്, അൻഷാദ്, അനന്തു, മുകേഷ് കുമാർ, ചെറുകര സലിം, അനിൽകുമാർ തൊടിയൂർ എന്നിവർ പ്രസംഗിച്ചു. ഷിബു മാലുമേൽ സ്വാഗതവും ഷെമീർ മേനാത്ത് നന്ദിയും പറഞ്ഞു.