photo
അമ്മയുടെയും സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെയും കൈപിടിച്ച് നക്ഷത്ര കഥാരചന മത്സരത്തിനെത്തിയപ്പോൾ

പൂയപ്പള്ളി: ഒടിഞ്ഞ കാലിന്റെ വേദനകളൊന്നും നക്ഷത്രയുടെ ഭാവനയെ തളച്ചിട്ടില്ല. പട്ടണത്തിന്റെ സൗഭാഗ്യങ്ങളിൽ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് എത്തിപ്പെട്ട സുര്യദേവനെന്ന കുട്ടിയുടെ സന്തോഷവും ആകുലതകളും അവൾ അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. കഥയുടെ പേര് - കളിമാധുര്യം! കഥയെഴുത്തിൽ മുൻപും മികവ് കാട്ടിയിട്ടുള്ളതിനാൽ കഥയ്ക്ക് പേരിടാനും കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ഗ്രാമത്തിന്റെ കളികളും നാട്ട് രുചികളും ഇഷ്ടപ്പെട്ടു തുടങ്ങിയ സൂര്യദേവന് ശരിയ്ക്കും അതൊരു കളിമാധുര്യമായിരുന്നു. മറ്റൊരാൾ എന്ന വിഷയമാണ് യു.പി വിഭാഗം മലയാളം കഥാരചനയ്ക്ക് ലഭിച്ചത്. കടയ്ക്കൽ ആറ്റുപുറം യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ നക്ഷത്രയ്ക്ക് കഥയെഴുതിക്കഴിഞ്ഞപ്പോഴേക്കും കാലിൽ വേദന തുടങ്ങി. അമ്മയുടെ കൈപിടിച്ചാണ് മത്സരം നടക്കുന്ന ക്ളാസ് മുറിയിലെത്തിയതും തിരികെ മടങ്ങിയതും. മൂന്ന് ദിവസം മുൻപാണ് സ്കൂളിലെ ബഞ്ചിൽ തട്ടി നക്ഷത്ര വീണത്. ഇടത് കാലിന് പരിക്കേറ്റു, പ്ളാസ്റ്റർ ഇട്ടിരിക്കയാണ്. വേദന അസഹനീയമെങ്കിലും കഥയെഴുതാൻ പോകണമെന്ന നക്ഷത്രയുടെ വാശിയ്ക്ക് മുന്നിൽ അമ്മ കീഴടങ്ങിയതാണ്. മത്സരത്തിന്റെ ഫലം അറിവായിട്ടില്ല. കാലിന്റെ വേദന മറക്കാൻ മത്സര ഫലം അവസരമൊരുക്കട്ടെയെന്നാണ് നക്ഷത്രയുടെ പ്രാർത്ഥന. കടയ്ക്കൽ സുജാഭവനത്തിൽ സുനിൽ കുമാറിന്റെയും സുജയുടെയും മകളാണ് നക്ഷത്ര.