കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി മനസ്സിലാക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയുമായ എ.സോമരാജൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ഭൗതികവും ആത്മീയവുമായ ചിന്തകളും ദർശനങ്ങളും ആഴത്തിൽ പഠിക്കാൻ നമുക്ക് കഴിയണം. സംസാര സാഗരം നീന്തിക്കടക്കാൻ ഗുരുവിന്റെ ദർശനങ്ങളെ നാം മുറുകെ പിടിക്കേണ്ടതുണ്ട്. മനുഷ്യാവകാശത്തെ കുറിച്ച് സമൂഹത്തെ ആദ്യമായി ബോധവൽക്കരിച്ചത് ശ്രീനാരായണ ഗുരുദേവനായിരുന്നു. ശ്രീനാരായണ ദർശനങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കാൻ ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുൽ വ്യാപകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുദേവ ദർശനങ്ങളെ അധികരിച്ച് നടത്തിയ സമ്മേളനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, യൂണിയൻ കൗൺസിലർമാരായ ബി.കമലൻ, എസ്. സലിംകുമാർ, ക്ലാപ്പന ഷിബു, ശാഖാ ഭാരവാഹികളായ അശോകൻ, വാസുദേവൻ, സുഭാഷ്, എൻ.ചന്ദ്രസേനൻ, രാജേന്ദ്രൻ, ഉദയൻ, ഡോ.രാജൻ, ശിവപ്രസാദ്, ഹരിദാസൻ, സതീശൻ, സുനിൽ, മുരളീധരൻ, വിജയകുമാർ, സേതു, രാജീവൻ, മൈതാനം വിജയൻ, വിപിൻ, മണിയമ്മ എന്നിവർ പ്രസംഗിച്ചു.