കുട്ടികളിലും മുതിർന്നവരിലും തുടർച്ചയായി കണ്ടുവരുന്ന തുമ്മൽ, ചീറ്റൽ, മൂക്കൊലിപ്പ്, ജലദോഷം, മൂക്കടപ്പ്,ഉണ്ണാക്ക് കണ്ണ് എന്നീ അലർജി രോഗങ്ങൾക്ക് നൂതനവും ഫലപ്രദവുമായ ചികിത്സ ലഭ്യമാണ്. തുമ്മലിൽ സീസണൽ അലർജിക് തുമ്മൽ ചില കാലാവസ്ഥകളിലെ പൂമ്പൊടിയുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, പെരിനിയൽ അലർജിക് തുമ്മൽ എല്ലാക്കാലത്തും ഉണ്ടാകും.
കാരണങ്ങൾ: പൂമ്പൊടി, വീട്ടിലെ പൊടിയിൽ അടങ്ങിയിരിക്കുന്ന ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന ജീവി, പക്ഷികളുടെയും മൃഗങ്ങളുടെയും രോമങ്ങൾ, പാറ്റ, ചിലതരം ഔഷധങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ കൊണ്ട് അലർജിയുണ്ടാകാം. തുമ്മലിനും ചൊറിച്ചിലിനും ശരിയായി ചികിത്സിച്ചില്ലെങ്കിൽ സൈനസൈറ്റിസ്, ആസ്ത്‌മ, ചെവിയിൽ പഴുപ്പ് തുടങ്ങിയ രോഗങ്ങളായി ഇത് പരിണമിക്കും.
രോഗനിർണയം: മുകളിൽ പറഞ്ഞ ലക്ഷണങ്ങളും സൂക്ഷ്മമായ ശാരീരിക പരിശോധനകൾ കൊണ്ടും രോഗം മിക്കവാറും നിർണയിക്കാം. ഇളം നീലനിറത്തിലുള്ള നാസികാ ശ്ളേഷ്മസ്തരം, മൂക്കിനകത്തെ നീർവീഴ്ച, സ്രവങ്ങൾ, പോളിപ്പ് എന്നിവ മൂക്ക് പരിശോധനയിലൂടെ കണ്ടുപിടിക്കാം. രക്തപരിശോധന, മൂക്കിലെ സ്രവത്തിന്റെ ലാബ് പരിശോധന, പി.എഫ്.ടി, തലയുടെയും നെഞ്ചിന്റെയും എക്‌സ്റേ എന്നിവയും വേണ്ടിവന്നേക്കാം. മൂക്കിലെ ത്വക്കിനുണ്ടാകുന്ന പ്രത്യേക ചുളിവ് (മുയൽ മൂക്ക്) കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പ്, എപ്പോഴും മൂക്ക് തിരുമ്മൽ തുടങ്ങിയവയും പരിശോധനയിൽ വ്യക്തമാകും. കുടുംബാംഗങ്ങളുടെ സമാന അസുഖവും കാലിലെ രോഗാവസ്ഥയും രോഗനിർണയത്തിന് സഹായകമാണ്.
ചികിത്സ: അലർജി ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറെ പ്രാധാന്യമുള്ളത്. ഔഷധ ചികിത്സയിൽ വിവിധതരം ആന്റി ഹിസ്റ്റമിനുകൾ (സി.പി.എം, സിറ്ററസിൻ, അക്രിയാസ്റ്റിൻ, ഫെക്സോഫെനാസിൻ, ലിവസിറ്ററസിൻ), നേസൽ ഡീകൺ ജസ്റ്റുകൾ (സ്യൂടോ എഫ്ട്രിൻ, ഫിനൈൽ എഫ്രിൻ), മൂക്കിലടിക്കുന്ന സ്‌പ്രേ രൂപത്തിലുള്ള സ്റ്റിറോയിഡുകൾ, തുള്ളിമരുന്നുകൾ എന്നിവയാണ് ഫലപ്രദം. ബുഡിസയനൈഡ്, ഫ്ളാനിസോലൈഡ്, ഫ്രൂട്രിക്കസോൺ എന്നിവയും നൂതന ഔഷധമായ എഫ്.എഫ് എന്ന പേരിലുള്ള മൂക്കിലെയും കണ്ണിലെയും അസുഖം ഒരുപോലെ നിയന്ത്രിക്കുന്ന മരുന്നുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഈ ഔഷധങ്ങളുടെ ഉപയോഗം ഒരു വിദഗ്ദ്ധ അലർജി, ആസ്ത്‌മ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിലായിരിക്കണം. അല്ലെങ്കിൽ സ്ഥിരമായ ഭവിഷ്യത്തുകൾ സംഭവിക്കാം.
ഡോ. കെ. വേണുഗോപാൽ
കൺസൾട്ടന്റ്
ഇൻ റെസ്പിറേറ്ററി മെഡിസിൻ,
ജനറൽ ആശുപത്രി,
ആലപ്പുഴ.
ഫോൺ: 9447162224.