കൊല്ലം: സീനിയർ സിറ്രിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ (എസ്.സി.എഫ്.ഡബ്ല്യു.എ) പതിനാലാം സംസ്ഥാന കൺവൻഷൻ ഇന്ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, മുൻ എം.പി പി രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. പൊതുവാഹനങ്ങളിലെ യാത്രാനിരക്കിളവ്, വയോജന കമ്മിഷൻ, വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തുന്ന മസ്റ്ററിംഗ് മൂലം വയോജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ വരുന്ന ജനുവരി 31 വരെ സമയപരിധി നീട്ടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ.ചന്ദ്രശേഖരപിള്ള, ജില്ലാ സെക്രട്ടറി എം.ഡി.രാജൻ, പ്രസിഡന്റ് സുഗതൻ, ട്രഷറർ എ.മുരളീധരൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.