പുനലൂർ: പുനലൂർ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലായ ചിതറിക്കിടക്കുന്ന കോടതികൾ ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മന്തൂരിലെ എസ്.എൻ.കോളേജ് ജംഗ്ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന കോടതി സമുച്ചയം ഉടൻ നാടിന് സമർപ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. 11.5 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം. അഞ്ച് വർഷം മുമ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിരിജഗനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
മൂന്ന് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി നിർമ്മാണം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ രണ്ട് നിലകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായപ്പോഴേക്കും ഈ ഫണ്ട് പൂർണമായും വിനിയോഗിച്ചിരുന്നു. പിന്നീട് ഒന്നര വർഷത്തോളം നിർമ്മാണ ജോലികൾ നിലച്ച അവസ്ഥയിലായിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജുവിന്റെ ഇടപെടലാണ് പദ്ധതിക്ക് പുതുജീവൻ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിനായി കൂടുതൽ തുക അനുവദിച്ചത്. ഫണ്ട് ലഭിച്ചതോടെ കഴിഞ്ഞ വർഷം നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. കെട്ടിടം ചായം പൂശി മോടി പിടിപ്പിക്കുന്നതിനൊപ്പം, ഇലട്രിക്, പ്ലമ്പിംഗ് തുടങ്ങിയ ജോലികൾ പുരോഗമിച്ച് വരികയാണ്.
നിർമ്മിക്കുന്നത് ഇവയൊക്കെ
01. വിശാലമായ കോർട്ടുകൾ
02. ബാർ അസോസിയേഷൻ ഹാൾ
03. ജീവനക്കാരുടെ വിശ്രമമുറികൾ
04. ലിഫ്റ്റ്, കോൺഫറൻസ് ഹാൾ
05. കാർ പാർക്കിംഗ് ഏരിയ, പൂന്തോട്ടം
ഒരു കുടക്കീഴിലാകും
01. സിവിൽ കോടതി,
02. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ
03. മോട്ടോർ ആക്സിഡന്റ് ക്ളൈെം ട്രൈബ്യൂണൽ
04. വനം,സബ് കോടതികൾ
ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വ്യപഹാരത്തിനും മറ്റും പുനലൂരിൽ എത്തുന്നവർ വിവിധ കോടതികളിലും അഭിഭാഷകരുടെ ഓഫിസുകളിലും മറ്റും, കയറി ഇറങ്ങി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവരുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും.