കൊല്ലം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ എൺപത് ശതമാനവും കഴിഞ്ഞ നാലുവർഷത്തിനിടെ പൂർത്തീകരിക്കാൻ സാധിച്ചതായി സ്ഥാനമൊഴിയുന്നതിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തിൽ മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. നാലുവർഷവും അഴിമതി മുക്തമായിരുന്നുവെന്നതാണ് പ്രധാന നേട്ടം.
ഇനി ഒരു വർഷം കൂടി കാലാവധിയുള്ള കൗൺസിലിന് പൂർത്തീകരിക്കാനുള്ള പ്രധാന പദ്ധതികൾ ടി.എം. വർഗീസ് ലൈബ്രറി നവീകരണം, മാനവീയം പദ്ധതി, കുമാരനാശാൻ സ്മാരക പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, വേസ്റ്റ് മ്യൂസിയം, ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരണം, ബിഷപ്പ് ജെറോമിന്റെ പേരിലുള്ള ഫ്രീഡം പാർക്ക്, ആണ്ടാമുക്കം വെജ് ആൻഡ് ഫിഷ് മാർക്കറ്റ് തുടങ്ങിയവയാണ്. സ്റ്റേഡിയത്തിന്റെ നവീകരണങ്ങളുടെ ഭാഗമായി കിഫ്ബിയിൽ ഉൾപ്പെടുത്തി സിന്തറ്റിക്ക് ട്രാക്ക്, പവലിയൻ എന്നിവ നിർമ്മിക്കും. ബീച്ച് അക്വേറിയത്തിന് സമീപം ആരംഭിക്കാനൊരുങ്ങുന്ന വേസ്റ്ര് മ്യൂസിയത്തിന്റെ നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ടി.എം. വർഗീസ് ലൈബ്രറി ഡിജിറ്റലൈസ് ചെയ്‌ത് ഗവേഷണ കേന്ദ്രമായി മാറ്റും. അതിന്റെ ഭാഗമായുള്ള ചരിത്ര മ്യൂസിയം കൂടി ഉൾപ്പെടുമ്പോൾ മാനവീയം പദ്ധതിയുടെ ആദ്യഘട്ടം ഈ കൗൺസിലിന്റെ കാലയളവിൽ പൂർത്തിയാകും. അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കൊല്ലം നഗരത്തിന്റെ മുഖം തന്നെ മാറും.
തെരുവുവിളക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പൂർണമായും പരിഹാരം കാണാൻ സാധിച്ചില്ലെങ്കിലും രണ്ടര മാസത്തിനുള്ളിൽ പൂർണമായും എൽ.ഇ.ഡി ആകും. നഗരസഭകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഫണ്ട് ലഭിച്ച ഞാങ്കടവ് പദ്ധതിയുടെ പൂർത്തീകരണത്തോടെ 2020 ആകുമ്പോൾ ജലസുലഭമായ പ്രദേശമായി കൊല്ലം മാറും. ഇതിന്റെ ഭാഗമായി പൊതുടാപ്പുകൾ ഒഴിവാക്കി വീടുകളിൽ സൗജന്യ കണക്ഷനുകൾ നൽകിയതോടെ കോർപ്പറേഷന് 23 ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടാക്കാനായി. കഴിഞ്ഞ ആറുമാസക്കാലമായി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനുള്ള പദ്ധതികൾ നടപ്പാക്കി തുടങ്ങി. കൊല്ലത്തെ പൂർണമായും സീറോ വേസ്റ്റ് നഗരമാക്കണമെന്നതാണ് ലക്ഷ്യം.
ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി. രാജേന്ദ്രൻ, വി.എസ്. പ്രിയദർശനൻ, എം.എ. സത്താർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.