ഓച്ചിറ :ശരണം വിളികളാൽ മുഖരിതമായ ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ ജനസാഗരമാണ് തൊഴുത് വണങ്ങുന്നത്. ഉത്സവം നാലുനാൾ പിന്നിട്ടപ്പോൾ അസാധാരണമായ തിരക്കാണ് പടനിലത്ത് അനുഭവപ്പെട്ടത്. സാധാരണ ഗതിയിൽ ബുധനും ശനിയുമാണ് ക്ഷേത്രത്തിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. വൃശ്ചികോത്സവം വരുന്നതോടെ ഈ ദിവസങ്ങളിൽ പടനിലം ഭക്തജനങ്ങളെക്കൊണ്ട് നിറയുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം മുടങ്ങിയതിനാൽ ഇന്നലെ പ്രദർശന -വിൽപ്പന ശാലകളും, വിനോദ -വിജ്ഞാന കേന്ദ്രങ്ങളുമൊക്ക കുട്ടികൾ കയ്യടക്കിയിരുന്നു.
തിരക്ക് പരിഗണിച്ച് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട് തുടങ്ങി ഡിപ്പോകളിൽ നിന്നും കെ. എസ്. ആർ. ടി. സി സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പൊലീസ്, നിർഭയ, എൻ. സി. സി, സന്നദ്ധ സംഘടനാ പ്രവർത്തകർ ഭക്തജനങ്ങൾക്ക് സുരക്ഷയും, സഹായവും നൽകുന്നതിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പർണ്ണശാലകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപം ക്ളോറിനേഷൻ നടത്തുകയും, ഭക്ഷ്യസാധനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിലെ പതിവ് കഞ്ഞിവീഴ്ത്തൽ ഉത്സവം പ്രമാണിച്ച് ഉച്ചവരെ നീട്ടിയിട്ടുണ്ട്. പരബ്രഹ്മ ആശുപത്രിയിലെ വൈദ്യസംഘവും പടനിലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.