# മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
കൊല്ലം: വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ ഷീലയുടെ (46) ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസി കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതി കുണ്ടറ പൊലീസിന് കൈമാറിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് സംബന്ധിച്ച് കുണ്ടറ സി.ഐ റൂറൽ എസ്.പി എസ്. ഹരിശങ്കറിന് ഇന്ന് റിപ്പോർട്ട് നൽകും.
വിശദ അന്വേഷണത്തിനായി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. നേരത്തെ പരാതി അന്വേഷണത്തിനായി റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കക്ഷികളെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. പരാതിക്കാരിയെ കൂടാതെ മരിച്ച ഷീലയുടെ ഭർത്താവ് സിംസൺ അടക്കമുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചശേഷം കേസിന്റെ തുടരന്വേഷണം കുണ്ടറ പൊലീസിനെ തന്നെ ഏൽപ്പിച്ചു. ഇതിനിടെ കേസ് അട്ടിമറിക്കാൻ നീക്കമുള്ളതായി ബന്ധുക്കൾ ഉയർത്തിയ സംശയം 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു. മരണത്തിൽ സംശയം ഉണ്ടായിരുന്നിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് മൃതദേഹം അടക്കം ചെയ്തത്. ഷീലയുടെ ഭർത്താവ്, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്ത് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാൻസി പരാതി നൽകിയത്. അനുഭവിക്കേണ്ടിവന്ന നിരന്തര പീഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്നായിരുന്നു മാതാവ് പരാതിയിൽ പറഞ്ഞത് ജൂലായ് 29ന് രാത്രി 10 മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ മെഡി. കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിയ്ക്കൽ പള്ളിയിൽ സംസ്കരിച്ചു. ബന്ധുക്കൾക്ക് പരാതിയില്ലെന്ന് പറഞ്ഞ് പൊലീസ് അന്ന് കേസെടുക്കാത്തത് വിവാദമായിരുന്നു.
വിശദമായി അന്വേഷിക്കും:
റൂറൽ എസ്.പി
ഷീലയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാൻ പൊലീസ് വിശദ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. മരണം എവിടെ വച്ച് സംഭവിച്ചുവെന്നും എങ്ങനെയെന്നും അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. എങ്ങനെ മരിച്ചു എന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീല അവിടെ വച്ച് മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നതെങ്കിലും ഇതിലും വ്യക്തത വേണ്ടതുണ്ട്. ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറെ അടക്കം ചോദ്യം ചെയ്യുമെന്നും റൂറൽ എസ്.പി പറഞ്ഞു.