ഓച്ചിറ: പരമ്പരാഗത തൊഴിൽ മേഖലകൾ തകർന്നടിഞ്ഞു കേരളം വികസനത്തിന്റെ ശവപ്പറമ്പാവുകയാണെന്ന് എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറ പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയർ, കശുഅണ്ടി മേഖലകളിൽ നിന്നും പതിനായിരങ്ങളാണ് കുടിയിറക്കപ്പെട്ടത്. ഉല്പാദനത്തിനുള്ള അസംസ്‌കൃതവസ്തുക്കൾ ധാരാളം ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെടുകയാണ്. കരിമണലിന്റെ കാര്യത്തിൽപോലും ഇത്തരം കെടുകാര്യസ്ഥതയാണ് നിലനിൽക്കുന്നത്. കോടിക്കണക്കിന് വിലവരുന്ന മണ്ണ് അനധികൃതമായി കടത്തികൊണ്ടുപോവുകയാണ്. എന്നാൽ ഇത് നിയമവിധേയമാക്കിയാലുണ്ടാകുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. തൊഴിലിനെ കുറിച്ച് മലയാളിക്കുള്ള മനോഭാവം മാറേണ്ടതുണ്ട്. കേരളത്തിലെ അവസരങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ കയ്യടക്കുമ്പോൾ നമ്മൾ നോക്കുകുത്തികളാകുകയാണ്. ലഭ്യമായ അവസരങ്ങളും, അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തുന്നതിനു സാഹചര്യമുണ്ടാകണം. നാടിന്റെ പൊതുസമ്പത്ത് ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ഗതികേട് പുനഃപരിശോധിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വിശക്കുന്നവർക്ക് ആഹാരവും, അഭയവും നൽകുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ സംസ്കാരം മഹത്തരമാണ്. പൊന്നുകൊണ്ട് കൊടിമരം സ്ഥാപിക്കാതെ പാവങ്ങൾക്ക് ആലയവും, ആഹാരവും ഒരുക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. എൻ. ഡി. പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, എഫ്. എ. സി. ടി ഡെപ്യൂട്ടി ജനറൽ മാനേജർ മുരളീകൃഷ്ണൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ. ഡി പദ്മകുമാർ, ട്രഷറർ എം. ആർ വിമൽഡാനി, ആർ. ആനന്ദൻ, തമ്പി മേട്ടുതറ, എം. ശിവശങ്കരപ്പിള്ള, പി. ബി സത്യദേവൻ, എൻ. കൃഷ്ണകുമാർ, ഡി. ചിദംബരം, ആർ. അജയൻ പുന്നക്കുളം എന്നിവർ സംസാരിച്ചു. ദിലീപ് കുറുങ്ങപ്പള്ളി സ്വാഗതവും, ആർ. പുഷ്പദാസ് നന്ദിയും പറഞ്ഞു.