police
കൊല്ലം ബീച്ചിൽ തിരയിൽ അകപ്പെട്ട രാജസ്ഥാൻ സ്വദേശികളായ അമ്മയെയും മകളെയും രക്ഷപ്പെടുത്തിയ യുവാക്കളെ സിറ്റി പൊലീസ് കമ്മിഷണർ അനുമോദിച്ചപ്പോൾ

കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽ അകപ്പെട്ട രാജസ്ഥാൻ സ്വദേശികളായ അമ്മയ്ക്കും മകൾക്കും നഷ്ടമായെന്ന് കരുതിയ ജീവൻ തിരികെ നൽകിയ ലൈഫ് ഗാർഡുമാരെയും യുവാക്കളെയും സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു അനുമോദിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച കൊല്ലം ബീച്ചിലെത്തിയ രാജസ്ഥാൻ വിനോദയാത്രാ സംഘത്തിലെ ഹർഷിത ജയിൽ (35), മകൾ അധമ ജയിൻ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ഒഴുകിപ്പോയ ഇവരെ അതിസാഹസികമായാണ് ലൈഫ് ഗാർഡുമാരായ രതീഷ് കുമാർ, ഷാജി ഫ്രാൻസിസ്, പ്രദേശവാസികളായ ജി. പ്രവീൺ, ജോബിൻ, രഞ്ജിത്ത് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.

സ്വജീവൻ പോലും പണയപ്പെടുത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുവാൻ ഇവർ കാണിച്ച സേവന മനോഭാവത്തെയും മാനസിക ധൈര്യത്തെയും അഭിനന്ദിക്കുന്നതായി പി.കെ. മധു പറഞ്ഞു. രക്ഷാദൗത്യത്തിലേർപ്പെട്ടവർക്ക് അനുമോദനപത്രം നൽകി അദ്ദേഹം ആദരിച്ചു.