പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ റോഡിലെ പിറവന്തൂർ വെട്ടിത്തിട്ട മേഖലയിൽ റോഡരികിലെ വലിയ മൺതിട്ടകളും ചെടിപടർപ്പുകളും യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. റോഡിന്റെ വശങ്ങളിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളെ കുറിച്ച് കേരളകൗമുദി മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് പുനലൂർ - പത്തനാപുരം പാതയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ അധികൃതർ മുറിച്ചുമാറ്റിയിരുന്നു. എന്നാൽ മരങ്ങൾ മുറിച്ചുമാറ്റിയതിന് ശേഷം അവശേഷിക്കുന്ന വലിയ മൺതിട്ടകൾ നീക്കം ചെയ്യാത്തതാണ് ഇപ്പോൾ യാത്രക്കാർക്ക് ഭീഷണിയാകുന്നത്.
റോഡിലെ കൊടുംവളവുകളിലെ മൺതിട്ടകളും ചെടിപടർപ്പുകളും മൂലം എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. ശബരിമല തീർത്ഥാടകരടക്കം സഞ്ചരിക്കുന്ന ഈ റോഡിലൂടെ ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അടുത്തിലെ വെട്ടിതിട്ട കൊടുംവളവിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്. പ്രധാന പാതയിൽ അപകടങ്ങൾ വരുത്തും വിധമുള്ള മൺതിട്ടകളും ചെടിപടർപ്പുകളും മാറ്റണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ശബരിമല തീർത്ഥാടനം ആരംഭിച്ചതിനാൽ അടിയന്തരമായി വിഷയത്തിൽ അധികൃതർ ഇടപെടണമെന്ന ആവശ്യവുമുണ്ട്.