chavara
ചവറ ബസ് സ്റ്റാൻഡ്

ചവറ : ചവറ ജംഗ്ഷനിലെത്തുന്ന വാഹന - കാൽനട യാത്രക്കാർ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് നട്ടം തിരിയുന്നു. ചവറ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനോ ശരിയായ സിഗ്‌നൽ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. ഗതാഗതക്കുരുക്കും സിഗ്നൽ സംവിധാനത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.

ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

സംസ്ഥാന പാത കടന്ന് പോകുന്നതിന്റെ ഓരം ചേർന്നാണ് ചവറ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്തായി ഊഴം കാത്ത് കിടക്കുന്ന ഒാട്ടോറിക്ഷകളും, അപകടകരമായി ബസ് സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബസുകളും, അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളുമാണ് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബസ് സ്റ്റാൻഡും ഒാട്ടോറിക്ഷാ സ്റ്റാൻഡും അടുത്തടുത്തായതാണ് ഗതാഗതത്തിരക്ക് വർദ്ധിക്കാനുള്ള പ്രധാന കാരണം.

സിഗ്‌നൽ സംവിധാനങ്ങളില്ല

ചവറ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് അറയ്ക്കൽ ക്ഷേത്രം വരെ നീളുന്നതാണ് ഒ.എൻ.വി റോഡ്. ഈ ഭാഗത്തേയ്ക്ക് കടക്കുന്ന വാഹനങ്ങൾ ശരിയായ സിഗ്‌നൽ സംവിധാനങ്ങളുടെ അഭാവത്തിൽ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കരുനാഗപ്പള്ളിയിൽ നിന്ന് അറയ്ക്കൽ ക്ഷേത്രം വരെ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ചവറ ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന ബസുകളും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.

അധികൃതർ കൃത്യമായ രീതിയിൽ ട്രാഫിക്ക് സംവിധാനം ഒരുക്കിയാൽ ചവറയിലെ ഗതാഗതക്കുരുക്കിനും വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും.

യാത്രക്കാർ