strike
കണ്ണനല്ലൂരിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞപ്പോൾ

 സ്ഥലമേറ്രെടുപ്പിൽ അപാകതയെന്ന് ആരോപണം

കൊട്ടിയം: കണ്ണനല്ലൂർ ജംഗ്ഷൻ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികളും സ്ഥലമുടമകളും ചേർന്ന് തടഞ്ഞു. പ്രതിഷേധവുമായെത്തിയ വ്യാപാരികളെ നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമത്തിലും വ്യാപാരികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതായി ആരോപിച്ചും വ്യാപാരികൾ കണ്ണനല്ലൂരിൽ കടകളടച്ച് പ്രതിഷേധിച്ചു.

ഇന്നലെ ഉച്ചയോടെ കണ്ണനല്ലൂർ - കൊട്ടിയം റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ കല്ലിടാൻ ശ്രമിച്ചതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്. പൊതുമരാമത്ത് വകുപ്പ് കുണ്ടറ റോഡ്സ് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം അളന്ന് കല്ലിടാനെത്തിയത്.

സ്ഥലമെടുപ്പ് സംബന്ധിച്ച പരാതികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ചർച്ചകൾ നടന്ന ശേഷം മാത്രമേ നടപടികൾ ആരംഭിക്കാവൂ എന്നും വ്യാപാരികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ മേലുദ്യോഗസ്ഥരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നിറുത്തിവെക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികളായ ദേവരാജൻ, ഗോപകുമാർ, കബീർ എന്നിവർ സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. കണ്ണനല്ലൂർ എസ്.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് ജോലികൾ താത്കാലികമായി നിറുത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.

ഏറ്റെടുക്കുന്ന സ്ഥലത്തെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാതെയും റവന്യു ഉദ്യോഗസ്ഥരില്ലാതെയും അളവും കല്ലിടീലും നടത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വികസനത്തിന്റെ പേരിൽ വ്യാപാരികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.