gst

കൊല്ലം : ജില്ലാ കളക്ടർ നിശ്ചയിച്ച് നൽകിയ വില നിലവാര പട്ടികയ്ക്ക് വിരുദ്ധമായി ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് തോന്നുന്ന വിലയാണ് ക്രഷർ ഉടമകൾ ഈടാക്കുന്നതെന്ന് ആൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. സർക്കാർ വർക്കുകൾ ഏറ്റെടുക്കുന്ന കരാറുകാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിക്കും കളക്ടർ നിശ്ചയിച്ച് നൽകിയ വില നിലവാര പട്ടിക പ്രയോജനപ്പെടുന്നില്ല. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഒന്നും ട്രഷറികളിൽ നിന്നും മാറി കിട്ടുന്നില്ല .12 മാസം കഴിഞ്ഞിട്ടും പൊതു മരാമത്ത് വകുപ്പിൽ നിന്ന് കിട്ടാനുള്ള കുടിശിക തുക കിട്ടുന്നില്ല. ചെറുകിട ഇടത്തരം കരാറുകാർക്ക് ഇരുട്ടടിയായി ടാറിന്റെ വിലയിലും വർദ്ധന വന്നു. ടാറിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് ബാരലിന് 5400 രൂപയാണ്. നിലവിലെ വിപണി വില 7200 രൂപയും അശാസ്ത്രീയമായ ഈ വില നിർണയത്തിൽ ഗവൺമെന്റ് ഉടനടി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 2017 ജൂലായ് മുതൽ 2019 മാർച്ച് വരെ നടത്തിയ വർക്കുകൾക്ക് കരാറുകാരിൽ നിന്ന് ഈടാക്കിയ ജി.എസ്.ടി തുക എത്രയും വേഗം തിരിച്ചു നൽകാനുള്ള നടപടിയും സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകണം. കരാറുകാരെ മൊത്തത്തിൽ തകർക്കുന്ന ഈ വിഷയങ്ങളിൽ ഗവൺമെന്റ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ടെൻഡറുകൾ ബഹിഷ്കരിക്കുകയും പണികൾ നിർത്തി വയ്ക്കുകയും അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് ആൾ കേരളാ ഗവൺമെന്റ് കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബൈജു, സെക്രട്ടറി എസ്. ദിലീപ് കുമാർ ഭാരവാഹികളായ ഡി. ഹരി, എൻ.ടി. പ്രദീപ് കുമാർ, പി. ഗോപി, സത്യശീലൻ, സുനിൽ ദത്ത് എന്നിവർ അറിയിച്ചു.