ശാസ്താംകോട്ട: നാൽപ്പത്തി അഞ്ച് വർഷത്തിലേറെ പഴക്കമുള്ള പള്ളിശ്ശേരിക്കൽ ചന്ദ്രാലയത്തിൽ ടിസിമോന്റെ വീട് കാലപ്പഴക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം തകർന്ന് വീണു. വീട് തകർച്ചയുടെ വക്കിലാണെന്ന് കാട്ടി നിരവധി തവണ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ടിസിമോനെ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് തന്നെ വീടിന് തകർച്ച നേരിട്ടിരുന്നു. ടിസി മോനും ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത് .കഴിഞ്ഞ ദിവസം വീടിന്റെ മേൽക്കൂര തകർന്ന സമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ വീടിന്റെ പുറത്തായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. പട്ടികജാതി കുടുംബത്തിൽപ്പെട്ട ടിസി മോനെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.