കൊട്ടിയം: പള്ളിമണിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. പള്ളിമൺ സ്വദേശികളായ സുനി, ജ്യോതി (38) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്. കേസിൽ രണ്ടാം പ്രതിയായ സുനിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ച അമ്മൂമ്മയുടെ അനുജത്തിയുടെ ശവസംസ്കാരത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നെടുമ്പന പള്ളിമൺ പുലിയിലെ വീട്ടിൽ ആദർശിനെ മൂന്നംഗ സംഘം വഴിയിൽ തടഞ്ഞ് നിറുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയായ ചിന്തു എന്ന രാമനെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു.
കൊലയാളി സംഘത്തിലെ ഒരാളുടെ ബന്ധുവായ പെൺകുട്ടിയുമായി ആദർശ് പ്രണയത്തിലായിരുന്നതിന്റെ വൈരാഗ്യമാണ് പ്രതികൾ ഇയാളെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ചിന്തുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളിമൺ ആറ്റിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു.