കരുനാഗപ്പള്ളി: വിനോദസഞ്ചാരികളുടെ പറുദീസയായ ആലുംകടവ് കായലോര വിശ്രമ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലുംകടവ് കടത്തുകടവിൽ നിന്ന് 200 മീറ്ററോളം ദൈർഘ്യം വരുന്ന റോഡാണ് കുണ്ടുംകുഴിയുമായി യാത്രക്കാരുടെ നടുവൊടിക്കുന്നത്.
ആലുംകടവിലെ ടി.എസ് കനാലിൽ പില്ലറുകൾ കോൺക്രീറ്റ് ചെയ്താണ് കായലോര വിശ്രമകേന്ദ്രമായ ഗ്രീൻ ചാനൽ നിർമ്മിച്ചിരിക്കുന്നത് ഇവിടേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ. 19 വർഷത്തിന് മുമ്പ് നിർമ്മിച്ച ആലുംകടവ് ഗ്രീൻ ചാനലിന്റെ ഉടമസ്ഥാവകാശം ഡി.ടി.പി.സിക്കാണ്. തുടക്കത്തിൽ ഡി.ടി.പി.സി നേരിട്ടായിരുന്നു ഇതിന്റെ നടത്തിപ്പ്.
പിന്നീട് ഗ്രീൻ ചാനൽ സ്വകാര്യ വ്യക്തികൾക്ക് ലീസിന് നൽകുകയായിരുന്നു. ഗ്രീൻ ചാനലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് റോഡും നിർമ്മിച്ചത്. ഇതാണ് തകർച്ചയുടെ നടുവിലായത്. കായൽ തീരത്തുകൂടിയുള്ള റോഡിന്റെ തകർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. 19 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡിലെ ടാറിംഗ് പൂർണമായും ഇളകിപ്പോയി.ഇതോടെ ദുരിതപൂർണമാണ് ഇതുവഴിയുള്ള യാത്ര. തകർച്ചയുടെ ആക്കം കൂടിയതോടെ കായലോര വിശ്രമ കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു.
വിനോദ സഞ്ചാരത്തിന് തിരിച്ചടി
നിലവിൽ കൊല്ലത്തു നിന്ന് ആലപ്പുഴയിലേക്ക് ബോട്ടിൽ പോകുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളം മാത്രമാണ് ഗ്രീൻ ചാനൽ. വിനോദ സഞ്ചാര സീസണിൽ മുൻ കാലങ്ങളിൽ ധാരാളം വിദേശീയർ വാഹനങ്ങളിൽ ഇവിടെ എത്തുമായിരുന്നു. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ ആലുംകടവിൽ ഇറങ്ങി ഇവിടെ നിന്ന് വാഹനങ്ങളിൽ റോഡ് മാർഗ്ഗം മലയോര മേഖലകളിലേക്ക് പോകുകയായിരുന്നു പതിവ്
റോഡ് കുണ്ടും കുഴിയുമായി മാറിയതോടെ ഇതും വളരെ കുറവാണ്.
ഡി.ടി.പി.സി മനസ്സ് വെച്ചാൽ റോഡ് വളരെ പെട്ടന്ന് പുനരുദ്ധാരണം നടത്താൻ കഴിയും. റോഡ് സഞ്ചാര യോഗ്യമാക്കിയാൽ ആലുകടവിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് മുൻ വർഷങ്ങളെ പോലെ വർദ്ധിപ്പിക്കാൻ കഴിയും.
നാട്ടുകാർ