പരവൂർ : പരവൂരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നഗരസഭാ കൗൺസിലിനെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ് ശ്രമിക്കുന്നത് വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് മുനിസിപ്പൽ ചെയർമാൻ കെ.പി. കുറുപ്പ് പറഞ്ഞു. പരവൂർ ജംഗ്‌ഷനിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വാർഡുകൾക്കും തുല്യ പരിഗണന നൽകി അഴിമതിയില്ലാതെ സുതാര്യമായി കാര്യങ്ങൾ ചെയ്യുന്ന നഗരസഭാ ഭരണമാണ് പരവൂരിലേത്. അത് അടുത്ത തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ മികച്ച വിജയം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ യോഗം ഉദ്‌ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗങ്ങളായ എസ്. ശ്രീലാൽ, എ. സഫുള്ള, എസ്. അനിൽ കുമാർ, എം.ബി. ബിന്ദു, ജയലാൽ ഉണ്ണിത്താൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. കെ.ആർ. അജിത് അദ്ധ്യക്ഷത വഹിച്ചു.