കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ നിർദ്ദേശിച്ചു.
സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ വംശീയ അതിക്രമവും ഉൾപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഐ.ഐ.ടിയിലെ ഒന്നാം റാങ്കുകാരിയായ ഫാത്തിമ ലത്തീഫിന്റെ മരണം. കമ്മിഷൻ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും വ്യക്തമാക്കി.
18 വയസ് കഴിഞ്ഞാലുടൻ പെൺകുട്ടികളുടെ വിവാഹം നടത്തണമെന്ന മാതാപിതാക്കളുടെ ചിന്താഗതി മാറണം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്വയംപ്രാപ്തി കൈവരിച്ച ശേഷം മാത്രം വിവാഹം നടത്തണം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികൾ പരിഗണിക്കവെയാണ് ഈ പരാമർശം നടത്തിയത്.
സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളുമായിരുന്നു കമ്മിഷന് മുന്നിലെത്തിയ പരാതികളിൽ ഏറെയും. 70 പരാതികൾ പരിഗണിച്ചു. 16 എണ്ണം തീർപ്പാക്കി. നാല് പരാതികൾ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടാനായും 50 പരാതികൾ അടുത്ത അദാലത്തിലേക്കും മാറ്റി.
കമ്മിഷൻ അംഗങ്ങളായ ഡോ. ഷാഹിദ കമാൽ, അഡ്വ എം. എസ് താര, കമ്മിഷൻ സി.ഐ എം. സുരേഷ് കുമാർ, കൗൺസിലർ സിസ്റ്റർ സംഗീത, അഡ്വ ഹേമ ശങ്കർ, അഡ്വ ആർ സരിത, അഡ്വ ജയാ കമലാസനൻ, അഡ്വ ബെച്ചി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.