ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ പൈപ്പ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങി മാസങ്ങളായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. നൂറുകണക്കിന് രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പിറകു വശത്തെ ശൗചാലയത്തിൽ നിന്നുള്ള പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നതിനാൽ കെട്ടിടത്തിന്റെ ഭിത്തിയിൽ സസ്യങ്ങൾ വളർന്ന് നിൽക്കുകയാണ്. കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുമുണ്ട്. ശൗചാലയത്തിൽ നിന്നുള്ള മലിനജലമായതിനാൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് മറ്റ് രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.