55 ഓട്ടുവിളക്കുകളും മണികളും കവർന്നു
പത്തനാപുരം: കമുകുംചേരി കോട്ടറ മലനട ക്ഷേത്രത്തിൽ വീണ്ടും കവർച്ച. ക്ഷേത്രത്തിനോട് ചേർന്ന കാവിൽ നിന്ന് 55 ഓട്ട് വിളക്കുകളും മണികളുമാണ് മോഷ്ടിക്കപ്പെട്ടത്. സ്റ്റോർ റൂമും ക്ഷേത്രവും കുത്തിതുറക്കാനും ശ്രമം നടന്നിട്ടുണ്ട്. വഞ്ചിപ്പെട്ടി അപഹരിച്ചിട്ടില്ല.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ജൂണിൽ ഇതേ ക്ഷേത്രത്തിൽ നിന്ന് 300 ലധികം വിളക്കുകളും മണികളും വഞ്ചികളിലെ പണവും മോഷ്ടിക്കപ്പെട്ടിരുന്നു.
നാട്ടുകാർ കൊല്ലം റൂറൽ എസ്.പിയെ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനാപുരം സി.ഐ അൻവറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജൂണിൽ തന്നെ പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, സെന്റ് മേരീസ് കൃസ്ത്യൻ ദേവാലയം, പുന്നല കണ്ണംകര ശിവക്ഷേത്രം കമുകുംചേരി തോട്ടഭാഗം ശിവക്ഷേത്രം, പുത്തുർക്കര കൃസ്ത്യൻ ദേവാലയം എന്നിവിടങ്ങളിലും കവർച്ച നടന്നിരുന്നു. അന്ന് സംശയമുള്ള ചിലരെ പറ്റി നാട്ടുകാർ സൂചന നൽകിയിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്തിയില്ലന്ന് ആക്ഷേപമുണ്ട്. ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പരയുണ്ടായിട്ടും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.